Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു രമേശിനു ബാർ ലൈസൻസ്; മദ്യനിർമാണ ശാലയ്ക്ക് അപേക്ഷ

Biju-Ramesh

തിരുവനന്തപുരം∙ ബാറുടമ ബിജു രമേശും മദ്യത്തിന്റെ ബ്ലെൻഡിങ് ആൻഡ് ബോട്ടലിങ് പ്ലാന്റിന് അപേക്ഷ നൽകി. അടുത്തിടെ നക്ഷത്ര ഹോട്ടലിനു ബാർ ലൈസൻസ് സ്വന്തമാക്കിയതിനു പിന്നാലെയാണു മദ്യ നിർമാണ ശാലയ്ക്കും അപേക്ഷ നൽകിയത്.

ബിജു രമേശ് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെയാണു കെ.എം.മാണിക്കെതിരെ ഒരു കോടി രൂപയുടെ കോഴ ആരോപണം ഉന്നയിച്ചതും വിജിലൻസ് അന്വേഷണത്തിൽ കലാശിച്ചതും. ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അപേക്ഷ ക്ഷണിച്ചതു നേരത്തെ അറിഞ്ഞില്ലെന്നും ഇപ്പോൾ വിവാദമായപ്പോഴാണ് അറിഞ്ഞതെന്നും ബിജു പറഞ്ഞു.

വിശദ പ്ലാനും പദ്ധതി റിപ്പോർട്ടും സഹിതമാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിനായി പള്ളിച്ചലിലെ മൂന്നര ഏക്കർ സ്ഥലത്തിന്റെ വിശദാംശവും കൈമാറി. മുൻപും അപേക്ഷിച്ചിരുന്നു. എന്നാൽ, 110 അപേക്ഷകൾ മുൻ നായനാർ സർക്കാർ തള്ളിയപ്പോൾ അതു കിട്ടിയില്ല. അന്നു സർക്കാർ നിയോഗിച്ച സമിതി തന്റേതടക്കം രണ്ട് അപേക്ഷകൾ മാത്രമാണു ലൈസൻസിനായി ശുപാർശ ചെയ്തത്.

2006ൽ വീണ്ടും അപേക്ഷിച്ചു. ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചു. ലൈസൻസ് നൽകാൻ ഉത്തരവുണ്ടായി. എന്നാൽ സർക്കാർ നയം മദ്യനിർമാണ ശാലകൾ അനുവദിക്കേണ്ടതില്ലെന്നാണെന്നു കോടതിയെ അറിയിച്ചതോടെ അതും ലഭിച്ചില്ല. ഇത്തവണ മറ്റെല്ലാവർക്കും കൊടുക്കുമ്പോൾ തനിക്കും ലഭിക്കുമെന്നു ബിജു പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണു പൂട്ടിയ ബാറുകളിൽ പലതും തുറന്നത്. എന്നാൽ ഇനി താൻ ബാർ നടത്തില്ലെന്നാണു ബിജു രമേശ് അന്നു പറഞ്ഞത്. നഗരത്തിലെ വിവിധ നക്ഷത്ര ഹോട്ടലുകളിലായി എട്ടു ബാറുകൾക്കു ബിജുവിനു നേരത്തെ ലൈസൻസ് ഉണ്ടായിരുന്നു. ഇപ്പോൾ അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണു വീണ്ടും ലൈസൻസിന് അപേക്ഷിച്ചതെന്നും സ്റ്റാച്യുവിലെ ഹോട്ടലിൽ ബാർ പുനരാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

related stories