Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം സീറ്റിൽ തരൂരിനെതിരെ നമ്പി നാരായണൻ?

Shashi_Tharoor,-Nambi-Narayanan

തിരുവനന്തപുരം∙ വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാർഥിയെ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ നിർത്തണമെന്നു സിപിഎം–സിപിഐ ചർച്ചയിൽ അഭിപ്രായമുയർന്നു. ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഐഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേര് ഇതേത്തുടർന്നു ചിലർ നിർദേശിച്ചു.

അദ്ദേഹവുമായി ചില അനൗദ്യോഗിക ആശയവിനിമയങ്ങൾ നടന്നുവെന്നും നമ്പി നാരായണൻ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്.

‘‘പലരും പല കഥകളും പറയുന്നുണ്ട്. ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല. അപ്പോൾ ആലോചിച്ചാൽ മതിയല്ലോ’’– ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നമ്പി നാരായണൻ ‘മനോരമ’യോടു പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബെന്നറ്റ് ഏബ്രഹാമിനെ നിർത്തി പേയ്മെന്റ് സീറ്റ് എന്ന പേരുദോഷം ഏറ്റുവാങ്ങേണ്ടിവന്ന സിപിഐ അതുകൂടി മായ്ക്കാൻ കഴിയുന്ന മികവുറ്റ സ്ഥാനാർഥിയെയാണു തിരയുന്നത്. ശശി തരൂരിനെതിരെ പ്രഗത്ഭനായ ഒരാൾ വേണമെന്നു വാദിക്കുന്നവരാണു നമ്പി നാരായണന്റെ പേരു മുന്നോട്ടുവച്ചത്.

ചാരക്കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്നു നഷ്ടപരിഹാരമായി വിധിച്ച 50 ലക്ഷം രൂപ പൊതു ചടങ്ങു തന്നെ സംഘടിപ്പിച്ചു നമ്പിനാരായണനു മുഖ്യമന്ത്രി കൈമാറിയതും ഈ സാധ്യതയുമായി ചേർത്തു വായിക്കുന്നവരുണ്ട്.