Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ കടമ്പകൾ നീക്കി ഹൈക്കോടതി; ആധാരമാക്കേണ്ടത് അവസാന 12 മാസത്തെ ശരാശരി ശമ്പളം

Employee Provident Fund - EPF

കൊച്ചി∙ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2014 സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുത്തിയ തൊഴിലാളിദ്രോഹകരമായ ഭേദഗതി വ്യവസ്ഥകൾ അപ്പാടെ റദ്ദാക്കി ഇപിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി. പൂർണശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചാൽ തൊഴിലാളികൾക്ക് ഉയർന്ന പിഎഫ് പെൻഷന് അർഹതയുണ്ടെന്നും താൽപര്യമുള്ളവർക്ക് ഇതിനായി കൂടിയ വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

ഓപ്ഷൻ നൽകാൻ സമയപരിധി നിഷ്കർഷിക്കാൻ പാടില്ല. പെൻ‌ഷൻ കണക്കാക്കുന്നതിന് ആധാരമാക്കുന്ന ശമ്പളം, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശരാശരിയായി നിശ്ചയിച്ചതും റദ്ദാക്കിയ കോടതി, ഇത് മുൻപുണ്ടായിരുന്നതു പോലെ 12 മാസ ശരാശരി കണക്കാക്കണമെന്നു നിർദേശിച്ചു. 

പെൻഷൻ ഫണ്ട് ചുരുങ്ങുമെന്നു പറ‍ഞ്ഞ് തൊഴിലാളികൾക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

പെൻഷന് അർഹതപ്പെട്ട പരമാവധി ശമ്പളം പ്രതിമാസം 15,000 രൂപ ആക്കി നിജപ്പെടുത്തിയതും കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. ഇതു വാർധക്യത്തിൽ മാന്യമായ പെ‍ൻഷൻ നിഷേധിക്കലാണെന്നു കോടതി പറ‍ഞ്ഞു. 

യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം നൽകിയവരെ 15,000 രൂപ പരിധി നിശ്ചയിക്കുക വഴി അനർഹരാക്കിയതു നിലനിൽക്കില്ല. തൊഴിലുടമയുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകിയ തൊഴിലാളിക്കുപോലും ഉയർന്ന പെൻഷൻ ആനുകൂല്യം നിഷേധിക്കുന്നതാണു ഭേദഗതിയെന്നു കോടതി പറഞ്ഞു. 

ആയിരക്കണക്കിനു തൊഴിലാളികൾ നൽകിയ 507 ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റിസ് എ.എം.ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. സ്വേച്ഛാപരവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തിനു വിരുദ്ധവുമായ ഭേദഗതി നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.

റദ്ദാക്കിയ  വ്യവസ്ഥകൾ

∙ 2014ലെ ചട്ട ഭേദഗതി വിജ്ഞാപനവും ഭേദഗതിയുടെ അടിസ്ഥാനത്തിൽ പിഎഫ് അധികാരികൾ പുറപ്പെടുവിച്ച തുടർഉത്തരവുകളും റദ്ദാക്കി.

∙ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിയും തൊഴിലുടമയും ചേർന്നു പിഎഫ് പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷന് അവസരം നിഷേധിച്ച ഇപിഎഫ് ഓർഗനൈസേഷന്റെ നടപടി റദ്ദാക്കി.

∙ ഇപിഎഫ് സ്കീം പ്രകാരം തൊഴിലാളികൾക്ക് ഓപ്ഷൻ നൽകാൻ അർഹതയുണ്ട്. ഇതിനു പ്രത്യേക തീയതി നിഷ്കർഷിക്കേണ്ടതില്ല.

related stories