Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകംപള്ളിയുടെ വസതിയിലേക്കു യുവമോർച്ച മാർച്ച്; സംഘർഷം

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ∙ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു യുവമോർച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തൈക്കാട്ടെ ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. നാലു പൊലീസുകാർക്കും എട്ടു പ്രവർത്തകർക്കും പരുക്കേറ്റു. 

സംഗീതകോളജിനു സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം മന്ത്രിയുടെ വസതിക്കു സമീപം ബാരിക്കേഡ് വച്ചു പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് നീക്കി അകത്തേക്കു കയറാൻ ശ്രമിച്ചു. ഇതിനൊപ്പം പൊലീസിനു നേർക്കു കല്ലേറുമുണ്ടായി. രൂക്ഷമായ കല്ലേറ് തുടർന്നതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ വീണ്ടും കല്ലേറും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർച്ചയായി കണ്ണീർവാതകഷെല്ലുകൾ എത്തിയതോടെ പ്രവർത്തകർ ചിതറി ഓടി. 

ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് അകാരണമായി മർദ്ദിച്ചതായി ആരോപിച്ചു പ്രവർത്തകർ റോഡ് ഉപരോധിച്ചു. ധർണ ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ശബരിമല സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാട് തിരുത്തുംവരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന ട്രഷറർ ആർ.സമ്പത്ത്, ജില്ലാ പ്രസിഡന്റ് ജെ.ആർ.അനുരാജ്, സംസ്ഥാന സെക്രട്ടറി രാഗേന്ദു എന്നിവർ പ്രസംഗിച്ചു. 

ജലപീരങ്കി, കണ്ണീർവാതക പ്രയോഗത്തിലാണു വിഷ്ണു, രഞ്ജിത്ത്, ശ്യാം, വിനേഷ്, രാമേശ്വരം ഹരി, ശ്രീലാൽ, പൂങ്കുളം സതീഷ് എന്നിവർക്കു പരുക്കേറ്റത്. ഇതിൽ തലയ്ക്കു പരുക്കേറ്റ വിഷ്ണു , രഞ്ജിത്ത് എന്നിവർ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവർത്തകരുടെ കല്ലേറിൽ എ ആർ ക്യാംപിലെ നാലു പൊലീസുകാർക്ക്  പരുക്കേറ്റു. ഇതിൽ എആർ ക്യാംപിലെ ശരത് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.