Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎംഎസിനും വിദേശയാത്രാനുമതി നിഷേധിച്ചു, 50 വർഷം മുൻപ്

EMS ഇഎംഎസ്

തിരുവനന്തപുരം∙ ഇക്കുറി മന്ത്രിമാർക്കു വിദേശയാത്രാനുമതി ലഭിക്കാത്തതാണു പ്രശ്നമെങ്കിൽ, 50 വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസിനു തന്നെ ഇതേ അനുഭവമുണ്ടായി. 1968 ഒക്ടോബറിൽ കിഴക്കൻ ജർമനി സന്ദർശനമാണു മുടങ്ങിയത്. സൗത്ത് ഈസ്റ്റ് ഏഷ്യ ഫ്രണ്ട്ഷിപ് അസോസിയേഷൻ എന്ന സംഘടനയാണു ക്ഷണിച്ചിരുന്നത്. എന്നാൽ വിദേശ സന്ദർശനത്തിനു റിസർവ് ബാങ്കിന്റെ പി ഫോം ലഭിച്ചില്ല. വിദേശത്തെ അനൗദ്യോഗിക സംഘടനകളുടെ ആതിഥ്യം സ്വീകരിക്കുന്നതിൽനിന്നു മന്ത്രിമാരെ നിരുൽസാഹപ്പെടുത്തുന്ന കേന്ദ്രനയം അനുസരിച്ചാണു റിസർവ് ബാങ്കും ധനവകുപ്പും ഈ നിലപാടെടുത്തത്. എന്നാൽ പിറ്റേ വർഷം കിഴക്കൻ ജർമനി സന്ദർശിക്കാൻ ഇഎംഎസിന് അനുമതി ലഭിച്ചു. ചികിൽസയ്ക്കുൾപ്പെടെ 2 മാസം തങ്ങുകയും ചെയ്തു. മുൻകാലങ്ങളിലെ മറ്റു സമാന അനുഭവങ്ങൾ:

2017 സെപ്റ്റംബർ: കടകംപള്ളി സുരേന്ദ്രൻ യുഎന്നിനു കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനുള്ള ചൈന യാത്ര മുടങ്ങി. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന്റെ പ്രോട്ടോകോൾ പ്രശ്നമാണു കാരണമായി പറഞ്ഞത്. ഡബ്ല്യുടിഒ സെക്രട്ടറി ജനറൽ തലേബ് റിഫായിയുമായാണു കൂടിക്കാഴ്ചയെന്നു കേരളം വാദിച്ചു.

2016 ഓഗസ്റ്റ്: കെ. ടി. ജലീൽ സൗദിയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്കു സഹായം ഉറപ്പാക്കാനുള്ള യാത്രയ്ക്കു നയതന്ത്ര പാസ്‌പോർട്ട് ‌ലഭിച്ചില്ല. പ്രശ്നപരിഹാരത്തിനു മന്ത്രി വി.കെ. സിങ് അവിടെയുണ്ടെന്നും അതിനിടെ, സംസ്ഥാന മന്ത്രിയുടെ സന്ദർശനം ശ്രദ്ധ തിരിക്കുമെന്നുമായിരുന്നു കേന്ദ്ര നിലപാട്.

2005 ജൂൺ: ആര്യാടൻ മുഹമ്മദ്, ബാബു ദിവാകരൻ യുഎഇയിലെ ജയിലുകളും ലേബർ ക്യാംപുകളും സന്ദർശിക്കാൻ അന്നു മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, ബാബു ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷിസംഘത്തെ അയയ്‌ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനാൽ ഉപേക്ഷിച്ചു. മറ്റൊരു രാജ്യത്തെ ജയിലുകൾ സന്ദർശിക്കാൻ ഇന്ത്യൻ സംഘം പോകുന്നതിന്റെ അനൗചിത്യമാണു ചൂണ്ടിക്കാട്ടിയത്.

2000 ഏപ്രിൽ: വി.സി. കബീർ, പി.ജെ. ജോസഫ് വി.സി. കബീറിനു ഗൾഫ് യാത്രയ്ക്കും പി.ജെ. ജോസഫിനു യുഎസ് യാത്രയ്ക്കുമാണ് അനുമതി ലഭിക്കാതിരുന്നത്. മൈക്രോസോഫ്റ്റിന്റെ ഐടി കോൺഫറൻസിനാണു ജോസഫ് പോകാനിരുന്നത്. സ്വദേശി ജാഗരൺ മഞ്ചിന്റെയും ചില വിദേശ ഇന്ത്യൻ വ്യവസായികളുടെയും എതിർപ്പു തടസ്സമായി.

മന്ത്രിമാരുടെ വിദേശയാത്ര: വ്യവസ്ഥകളിങ്ങനെ:

∙ കേന്ദ്ര ധന, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി നിർബന്ധം.

∙ അനുമതിയായ ശേഷം വിദേശകാര്യ മന്ത്രാലയം അതത് രാജ്യത്തെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കും.

∙ യാത്രാ വിശദാംശങ്ങൾ മന്ത്രിമാരുടെ ഓഫിസ് മുഖേന വിവിധ മന്ത്രാലയ സെക്രട്ടറിമാർക്കു നൽകണം.

∙ സന്ദർശിക്കുന്ന രാജ്യം, ലക്ഷ്യം, പങ്കെടുക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് എന്നിവ സമർപ്പിക്കണം.

∙ വിദേശ പണം സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം. വിദേശ രാജ്യത്തെ സർക്കാരിനെയും അറിയിക്കണം.

∙ മന്ത്രി മടങ്ങിയെത്തി മൂന്നാഴ്ചയ്ക്കകം യാത്ര സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകണം.

വിജിലൻസ് കേസുള്ളവരും യാത്രാ സംഘത്തിൽ

തിരുവനന്തപുരം ∙ പ്രളയ ദുരിതാശ്വാസത്തിനു ധനസമാഹരണം ലക്ഷ്യമിട്ടു മന്ത്രിമാർക്കൊപ്പം പോകാനുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽ വിജിലൻസ് അന്വേഷണം നേരിടുന്നവരുമുണ്ടെന്ന് ആക്ഷേപം. മന്ത്രിമാർക്കൊപ്പം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പോകണമെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. പഴ്സനൽ സ്റ്റാഫ് അംഗങ്ങളും വേണമെന്നു ചില മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അനുവദിച്ചില്ല.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് പിന്നീട് ഉദ്യോഗസ്ഥ സംഘത്തെ തീരുമാനിച്ചപ്പോൾ ജൂനിയർ ഐഎഎസുകാരും ഐപിഎസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുകയും ചെയ്തു.

related stories