Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: സൂക്ഷിച്ചു നീങ്ങാൻ സർക്കാരിനോട് സിപിഎം, സ്ത്രീപങ്കാളിത്തം കരുതലോടെ കാണണം

sabarimala-kodimaram

തിരുവനന്തപുരം∙ശബരിമലയിൽ യുവതി പ്രവേശ വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നിർദേശം. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശം. സ്ത്രീതുല്യത ഉറപ്പുവരുത്തുന്ന വിധിയാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണഘടനയ്ക്കു വിധേയമാണെന്നും വിധി വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ നിലപാടുകളോടു പൂർണമായും പൊരുത്തപ്പെടുന്നതാണ് ഈ രണ്ടു കാര്യങ്ങളും.

അതുകൊണ്ടുതന്നെ വിധി നടപ്പാക്കുന്നതിൽ നിന്നു പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വിധിക്കുശേഷമുള്ള ബിജെപിയുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത് ഇവിടെ ഒരിടം കണ്ടെത്താനുള്ള അവസരമായി അവർ ഇതിനെ ഉപയോഗിക്കുന്നുവെന്നതാണ്. അതിനു പിന്നാലെ കോൺഗ്രസ് പോയത് ആ പാർട്ടിക്കു ഭാവിയിൽ വൻതിരിച്ചടിയാകുമെന്ന വിലയിരുത്തലാണു യോഗത്തിലുണ്ടായത്.

പി.കെ.ശശി വിവാദം അടുത്ത കമ്മിറ്റിയിലേക്ക്

പി.കെ ശശി എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക നൽകിയ പരാതിയിന്മേലുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിലേക്കു നീട്ടി. യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. പി.കെ.ശ്രീമതിയും എ.കെ.ബാലനും അടങ്ങുന്ന അന്വേഷണകമ്മിഷൻ റിപ്പോർട്ട് അന്തിമമാകുന്നതേയുള്ളൂ. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നു ശശി ആരോപിച്ചതും തെളിവുകളെയും സാക്ഷികളെയും ഹാജരാക്കിയതും കമ്മിഷന്റെ നടപടിക്രമങ്ങളെ സങ്കീർണമാക്കി. പരാതി നൽകിയ യുവതിയും ആരോപണത്തിൽപ്പെട്ട ശശിയും പാർട്ടി തീർപ്പിനായി ഒരു മാസത്തോളം കാത്തിരിക്കേണ്ടിവന്നേക്കാം.