Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസിനെ ആർക്കും ഹൈജാക് ചെയ്യാനാവില്ല: സുകുമാരൻ നായർ

G-Sukumaran-Nair ജി. സുകുമാരൻ നായർ

ചങ്ങനാശേരി ∙ എൻഎസ്എസിനെ ഹൈജാക് ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ശബരിമല യുവതീപ്രവേശം സംബന്ധിച്ച പ്രശ്നത്തിൽ എൻഎസ്എസ് വിശ്വാസികൾക്കൊപ്പം നിൽക്കും. ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിൽ എൻഎസ്എസിനെ ആർഎസ്എസ് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുമെന്ന പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം പറഞ്ഞും സവർണ-അവർണ മുദ്രകുത്തിയും പ്രതിഷേധത്തെ തടയാൻ ആരു ശ്രമിച്ചാലും നടക്കില്ല. എൻഎസ്എസിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഉണ്ട്. ശബരിമല പ്രതിഷേധത്തിൽ സമുദായ അംഗങ്ങൾ ‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായിട്ടല്ല. അങ്ങനെ പങ്കെടുക്കരുതെന്ന് എൻഎസ്എസ് വ്യക്തമാക്കിയിട്ടുമുണ്ട്. രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രതിഷേധിക്കുന്ന സമുദായാംഗങ്ങളെ തടയില്ല. എന്നാൽ രാഷ്ട്രീയലക്ഷ്യം മുൻനിർത്തി ആരെങ്കിലും പ്രതിഷേധം സംഘടിപ്പിച്ചാൽ എൻഎസ്എസ് പിന്തുണയ്ക്കില്ല.

2006ൽ കേസിന്റെ തുടക്കം മുതൽ ശബരിമലയിൽ ആചാര,അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കേസിൽ കക്ഷി ചേർന്ന് എൻഎസ്എസ് നിയമയുദ്ധം നടത്തുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താതെ,വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തിടുക്കം കാണിച്ചപ്പോഴാണു വിശ്വാസികൾക്കൊപ്പം എൻഎസ്എസ് സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയതെന്നു ജി. സുകുമാരൻ നായർ പറഞ്ഞു‍.