Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയ്ക്ക് 21 കോടിയുടെ ഇൻഷുറൻസ് ധനസഹായം

തിരുവനന്തപുരം ∙ പ്രളയക്കെടുതിയിൽ തകർന്ന ശബരിമലയ്ക്ക് 21 കോടിയുടെ ഇൻഷുറൻസ് ധനസഹായം. നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പുകൾ പൂർത്തിയാക്കിയ നാഷനൽ ഇൻഷുറൻസ് കമ്പനി അടുത്തയാഴ്ച ദേവസ്വം ബോർഡിനു പണം കൈമാറിയേക്കും. ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഭീകരാക്രമണം, തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ അത്യാഹിതങ്ങളുണ്ടായാ‍ൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഷൂറൻസ് പരിരക്ഷ തേടിയിരുന്നത്. ഒരു വർഷത്തിനിടെ 45 ലക്ഷം രൂപയോളം പ്രീമിയം തുകയായി അടയ്ക്കുകയും ചെയ്തു.

മുൻവർഷങ്ങളിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലും നാമമാത്രമായി അപകടമരണങ്ങൾ സംഭവിച്ചപ്പോൾ മാത്രമാണു ക്ലെയിം ചെയ്തിരുന്നത്. പ്രകൃതിക്ഷോഭത്തെ തുടർന്ന് ഇപ്പോൾ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുടെ പൂർണ ഗുണഭോക്താവായി തിരുവിതാംകൂർ ദേവസ്വം ബോർഡു മാറുന്നത്. നാഷനൽ ഇൻഷുറൻസ് കമ്പനിയുടെ മുംബൈയിൽ നിന്നുള്ള പ്രത്യേക സംഘമാണു നാശനഷ്ടം സംഭവിച്ച സർവേ നടപടികൾ പൂർത്തിയാക്കിയത്. പമ്പയിലാണ് ഏറ്റവുമധികം നഷ്ടം കണക്കാക്കിയിരിക്കുന്നത്. ത്രിവേണിയിലെ പാലങ്ങൾ നശിച്ചതു കൂടാതെ രാമമൂർത്തി മണ്ഡപം, നടപ്പാതകൾ, സർവീസ് റോഡുകൾ, താമസ ബ്ളോക്കുകൾ, ശുചിമുറി കോംപ്ളക്സ്, വലിയ നടപ്പന്തൽ, ക്ലോക്ക് റൂം എന്നിവ പൂർണമായി തകർന്നു.

പമ്പ ഗതിമാറി ഒഴുകിയതോടെ പാർക്കിങ് ഗ്രൗണ്ടും ഇല്ലാതായി. കെട്ടിടങ്ങളുടെ മൂല്യം, കാലപ്പഴക്കം എന്നിവ ഒന്നുകൂടി സർവേ ചെയ്തു നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നും ബോർഡിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച ഏതാനും രേഖകൾ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല പുനർനിമാർണത്തിനായി ഇൻഷുറൻസ് തുക വിനിയോഗിക്കാനാണു ദേവസ്വം ബോർഡിന്റെ തീരുമാനം.

related stories