Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മിനു തുണ ക്യാമറ മാത്രം! സുരക്ഷാ ജീവനക്കാരെ മിക്കയിടത്തും പിൻവലിച്ചു

ATM

സംസ്ഥാനത്തെ മിക്കയിടത്തും എടിഎം കാവലിന് ആകെയുള്ളത് സിസിടിവി ക്യാമറ മാത്രം. അതുപോലുമില്ലാത്ത എടിഎമ്മുകളുമുണ്ട്. പൊതുമേഖലാ ബാങ്കുകൾ സുരക്ഷാ ജീവക്കാരെ പിൻവലിച്ചതോടെ കാവലുള്ള എടിഎമ്മുകൾ കുറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കാവൽക്കാരനെ നിയോഗിച്ചതുകൊണ്ടു മാത്രം കവർച്ച തടയുക എളുപ്പമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

4 ക്യാമറകൾ വരെയുള്ള എടിഎമ്മുകളുണ്ട്. എന്നാൽ, ബർഗ്ലർ അലാം പോലുള്ള സുരക്ഷാ സംവിധാനങ്ങളില്ല. ആർക്കും എപ്പോഴും വരാവുന്ന ഇടമായതിനാൽ ബർഗ്ലർ അലാം സ്ഥാപിക്കുക പ്രായോഗികമല്ലെന്നു ബാങ്ക് അധികൃതർ പറയുന്നു.

ബാങ്കുകളുടെ കേന്ദ്ര ഓഫിസുകളിൽ എടിഎമ്മുകളിൽ‌ നിന്നുമുള്ള തത്സമയ നിരീക്ഷണത്തിനു സംവിധാനമുണ്ട്. മിക്ക നിരീക്ഷണ കേന്ദ്രങ്ങളും മുംബൈ പോലുള്ള വൻനഗരങ്ങളിലാണ്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഇവർ വിവരമറിയിക്കണം. ഈ സംവിധാനം കാര്യക്ഷമമല്ലെന്നു ജീവനക്കാർ തന്നെ അഭിപ്രായപ്പെടുന്നു. എടിഎമ്മിന് ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടമായ പണം തിരിച്ചുകിട്ടുമെന്നാണു ബാങ്കിന്റെ വിശദീകരണം.

എടിഎമ്മിനു സുരക്ഷ ലഭ്യമാക്കണമെന്നു റിസർവ് ബാങ്ക് കഴിഞ്ഞ വർഷം 2 തവണ നിർദേശം നൽകിയിരുന്നു. എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജൻസികളാണു സുരക്ഷ ഏർപ്പെടുത്തേണ്ടതെന്നു ബാങ്കും ബാങ്കുകളാണ് അതു ചെയ്യേണ്ടതെന്നു ഏജൻസികളും പറയുന്നു.

സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മുകളുടെ പട്ടിക അതതു സ്ഥലത്തെ പൊലീസിനു നൽകിയിട്ടുണ്ട്. രാത്രി പട്രോളിങ്ങിൽ പൊലീസ് എടിഎമ്മിലെത്തി പരിശോധന നടത്തണമെന്നാണു നിർദേശമെങ്കിലും ഇതു കർശനമായി പാലിക്കപ്പെടുന്നില്ല. 

എടിഎം നിറയ്ക്കൽ രാത്രി വേണ്ട

എടിഎമ്മിൽ നിറയ്ക്കുന്നതിനായി പണവുമായി പോകുന്ന കാഷ് വാനുകൾ കൊള്ളയടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി അടുത്ത ഫെബ്രുവരി മുതൽ രാത്രി 9 നു ശേഷം പണം നിറയ്ക്കേണ്ടതില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നഗരങ്ങളിൽ രാത്രി 9 നു ശേഷവും ഗ്രാമീണ മേഖലകളിൽ രാത്രി 6നു ശേഷവും പണം നിറയ്ക്കേണ്ട. നക്സൽ മേഖലകളിൽ വൈകിട്ടു 4 വരെ മാത്രമാണു പണം നിറയ്ക്കാൻ അനുമതി.

 വിജന മേഖലകളിലെ എടിഎമ്മുകൾ രാത്രി നിശ്ചിത സമയം വരെ മാത്രം പ്രവർത്തിപ്പിക്കുക, അവിടങ്ങളിൽ രാത്രി പ്രവർത്തിക്കുന്ന വിധം ബർഗ്ലർ അലാം സ്ഥാപിക്കുക, തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അലാം ലഭ്യമാകും വിധം സാങ്കേതിക സൗകര്യം സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങൾ ബാങ്ക് വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

ആദ്യം നിരീക്ഷണം; കവർച്ചക്കാർ പിന്നാലെ 

ഇരുമ്പനത്തും കൊരട്ടിയിലുമായി നടന്ന എടിഎം കവർച്ചകളിലെ പ്രതികളെ കണ്ടെത്താൻ വഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കും. വാഹനം മോഷ്ടിച്ച കോടിമത മുതൽ വാഹനം ഉപേക്ഷിച്ച ചാലക്കുടി വരെ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും എടിഎം കൗണ്ടറുകളുടെ സമീപത്തുള്ള ദൃശ്യങ്ങളുമാണു ശേഖരിക്കുന്നത്.

കാവൽക്കാരില്ലാത്ത, കവർച്ച നടത്താൻ എളുപ്പമായ എടിഎമ്മുകൾ കണ്ടെത്തുന്ന സംഘം കവർച്ചക്കാർക്കു മുൻപേ സ്ഥലം സന്ദർശിച്ച് എടിഎം ലൊക്കേഷൻ മാപ്പും ചിത്രങ്ങളും കവർച്ചാ സംഘത്തിന് അയച്ചിരിക്കാനുള്ള സാധ്യതയും സൈബർ സെൽ പരിശോധിക്കുന്നുണ്ട്. ഇന്നലെ രാവിലെ ബാങ്ക് പ്രവർത്തനം തുടങ്ങിയ ശേഷം ഷട്ടറുകൾ അടഞ്ഞു കിടക്കുന്നതു കണ്ടാണു രണ്ടിടത്തും ജീവനക്കാർ കവർച്ച സ്ഥിരീകരിച്ചത്.