Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സംപ്റ്റഡ് ട്രസ്റ്റ് പിഎഫ് പെൻഷൻ വർധന: അപ്പീലിനു നീക്കം

PTI1_12_2018_000153A

കണ്ണൂർ∙ എക്സംപ്റ്റഡ് ട്രസ്റ്റ് വിഭാഗത്തിൽ പെട്ട എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക്, ശമ്പളത്തിന് ആനുപാതികമായി വിഹിതം അടച്ചിട്ടുണ്ടെങ്കിൽ ഉയർന്ന പെൻഷൻ അനുവദിക്കണമെന്ന കോടതി വിധി നടപ്പാക്കുന്നത് നീളുമെന്നു സൂചന. ഈ വിഭാഗത്തിൽ പെട്ട 65 ലക്ഷത്തോളം ജീവനക്കാർക്ക് ആശ്വാസമായ ആന്ധ്ര– തെലങ്കാന ഹൈക്കാടതിയുടെ വിധിക്കെതിരെ ഇപിഎഫ് അധികൃതർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി ഇപിഎഫ് പെൻഷനേഴ്സ് സംഘടനാ ഭാരവാഹികൾ പറഞ്ഞു. 1952 ലെ പ്രോവിഡന്റ് ഫണ്ട് നിയമപ്രകാരം സ്വന്തം നിലയ്ക്ക് പിഎഫ് ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെയാണ് എക്സംപ്റ്റഡ് ട്രസ്റ്റ് വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൂടുതൽ പെൻഷന് അർഹതയില്ലെന്ന ഇപിഎഫ് ഓർഗനൈസേഷന്റെ 2017 മേയിലെ ഉത്തരവ് കോടതി തള്ളുകയായിരുന്നു.

ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാമെന്ന് ഉടമയും ജീവനക്കാരും സമ്മതപത്രം നൽകിയില്ലെന്ന ഇപിഎഫ്ഒയുടെ വാദം കോടതി തള്ളി. കൂടുതൽ തുക അവർ അടച്ചുകൊണ്ടിരിക്കുന്ന വിവരം ഇപിഎഫ്ഒയ്ക്ക് അറിവുള്ളതാണ്. എക്സംപ്റ്റഡ്, നോൺ എക്സംപ്റ്റഡ് എന്നീ വേർതിരിവ് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 3 മാസത്തിനുള്ളിൽ പരാതിക്കാർക്ക് വർധിച്ച പെൻഷൻ നൽകാനാണ് ഉത്തരവ്. എല്ലാ പിഎഫ് വരിക്കാർക്കും മൊത്തം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനുള്ള ഉത്തരവ് 2017 മാർച്ചിൽ എല്ലാ റീജനൽ ഓഫിസർമാർക്കും കേന്ദ്ര ഓഫിസ് നൽകിയിരുന്നു. എന്നാൽ 2 മാസം കഴിഞ്ഞ് ഈ ഉത്തരവ് ഭേദഗതി ചെയ്തു.

എക്സംപ്റ്റഡ് ട്രസ്റ്റ് വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ പിഎഫ് വിഹിതം അതതു സ്ഥാപനങ്ങളിലെ ട്രസ്റ്റുകളിൽ തന്നെ അടയ്ക്കുന്നതിനാൽ ഉയർന്ന പെൻഷന് അർഹതയില്ലെന്നായിരുന്നു ഭേദഗതി. ആ ഉത്തരവാണ് കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. കേരളത്തിൽ ഇരുപതോളം സ്ഥാപനങ്ങൾ മാത്രമേ എക്സംപ്റ്റഡ് ട്രസ്റ്റ് വിഭാഗത്തിൽ െപടുന്നുള്ളു. എന്നാൽ, കേരളത്തിനു പുറത്ത് പ്രധാനപ്പെട്ട മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ഈ വിഭാഗത്തിൽ‍ പെടുന്നതാണ്.