Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ചെറുകിട, മൈക്രേ‍ാ സംരംഭങ്ങൾക്ക് പലിശ ഇളവ് പരിഗണനയിൽ

interest-rate

പാലക്കാട്∙ പ്രളയദുരന്തത്തിലെ നഷ്ടത്തിൽ നിന്നു കരകയറാൻ ഇടത്തരം ചെറുകിട, മൈക്രോ സംരംഭങ്ങൾക്കു മാത്രമായി വായ്പാ പലിശ ഇളവ് അടക്കമുള്ള പാക്കേജ് പരിഗണനയിൽ. വ്യവസായ യൂണിറ്റുകൾക്കു സാമ്പത്തിക പരിധിയില്ലാതെ നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതിക്കു പുറമെയാണിത്. നഷ്ടം അധികവും ചെറുകിട, മൈക്രേ‍ാ മേഖലയിലാണ്. പലവ്യഞ്ജനക്കടകൾ, ബാർബർ ഷേ‍ാപ്, കയർ, കൈത്തറി, തട്ടുകടകൾ എന്നിവയുൾപ്പെടെ അടിസ്ഥാന വാണിജ്യ സേവന യൂണിറ്റുകളുടെ നഷ്ടം കണക്കാക്കാൻ ആരംഭിച്ച സർവേ അടുത്തമാസം പൂർത്തിയാക്കും. ഐടി മിഷൻ തയാറാക്കിയ ആപ്പിന്റെ സഹായത്തേ‍ാടെയാണു സർവേ. വ്യവസായ വികസന ഒ‌‍ാഫിസർമാരുടെ നേതൃത്വത്തിലുള്ള  സർവേയിൽ സ്ഥാപനത്തിലെ തെ‍ാഴിൽ ദിനങ്ങൾ, ഇതര സേവനം എന്നിവ സംബന്ധിച്ച നഷ്ടംകൂടി വിലയിരുത്തുമെന്നു വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു പറഞ്ഞു. 

വിപണി ലക്ഷ്യമിട്ടു തയാറാക്കിയ ചരക്കിന്റെ നാശം, സീസണിലെ കച്ചവട നഷ്ടം എന്നിവ കൃത്യമായി ലഭിച്ചാലേ പുനരുദ്ധാരണ നടപടികൾക്കു രൂപം നൽകാനാകൂ. അതിന്റെ ഭാഗമായി ചെറുകിട, മൈക്രേ‍ാ യൂണിറ്റുകൾക്കായി എടുത്ത വായ്പയുടെ പലിശയിൽ 8% വരെ 3 വർഷം ഇളവു നൽകാനാണു നീക്കം. കെട്ടിടത്തകർച്ച, വസ്തുക്കളുടെ നാശം എന്നിവയ്ക്കു നഷ്ടത്തിന്റെ ഗൗരവമനുസരിച്ചു സഹായം നൽകുന്ന പദ്ധതിയും തയാറാക്കുന്നുണ്ട്. 

വാർഷിക പദ്ധതിയിൽ 32 കേ‍ാടി രൂപയുടെ വ്യവസായ പുനരുദ്ധാരണ പദ്ധതി നേരത്തെ അംഗീകരിച്ചു. സംസ്ഥാനത്തെ 10 വ്യവസായ ക്ലസ്റ്ററുകളിൽ പൂർണമായി നശിച്ച എറണാകുളം ക്ലസ്റ്ററിനു കേന്ദ്ര സർക്കാരിന്റെ സഹായം തേടും. 

യുഎൻഡിപി റിപ്പേ‍ാർട്ടനുസരിച്ചു തെ‍ാഴിൽദിനം അടക്കം 10,367 കേ‍ാടി രൂപയാണു മേഖലയിലെ മെ‍ാത്തം നഷ്ടം.

related stories