Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയ്ക്ക് എൽഎൻജി ബസ്; സഹായവുമായി പെട്രോനെറ്റ്

LNG-Bus

തിരുവനന്തപുരം∙ കെഎസ്ആർടിസിയ്ക്കു 100 എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ബസുകൾ വാങ്ങാൻ 15 കോടിയോളം രൂപയുടെ സഹായം നൽകാൻ തയാറാണെന്ന് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്. ഡീസൽ ബസിന്റെ വിലയ്ക്ക് എൽഎൻജി ബസ് വാങ്ങാനായി വിലവ്യത്യാസം നൽകാൻ തയാറാണെന്ന് പെട്രോനെറ്റ് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ തയാറാക്കും. 

ഡീസലിന്റെ പകുതിവിലയ്ക്ക് എൽഎൻജി ലഭിക്കും എന്നതിനാൽ എൽഎൻജി ബസുകളുടെ വരവ് കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധിക്ക് ആശ്വാസമാകും. കൊച്ചിയിൽ നിലവിൽ എൽഎൻജി സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ആനയറയിൽ എൽഎൻജി ടെർമിനൽ നിർമിക്കാൻ കെഎസ്ആർടിസി ഇന്ത്യൻ ഓയിൽ കോർപറേഷന് 1.78 ഏക്കർ വിട്ടുനൽകിയിട്ടുണ്ട്. 

ഡീസൽ ബസുകളെ അപേക്ഷിച്ച് എൽഎൻജി ബസുകൾക്ക് 15 ലക്ഷത്തോളം വില കൂടുതലാണ്. രണ്ടുവർഷം മുൻപ് ടാറ്റയുടെ ആദ്യ എൽഎൻജി ബസ് മുഖ്യമന്ത്രി പിണറായി വിജയനാണ് നിരത്തിലിറക്കിയത്.

വിലയും മലിനീകരണവും കുറയും

ഡീസൽ, സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) എന്നിവയെ അപേക്ഷിച്ചു മലിനീകരണവും ചെലവും കുറഞ്ഞവയാണ് എൽഎൻജി ബസുകൾ. തണുപ്പു നിലനിർത്താൻ എൽഎൻജി ടാങ്കുകൾ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. 420 ലീറ്റർ ശേഷിയുള്ള ഇന്ധനടാങ്കിൽ 190 കിലോ വരെ എൽഎൻജി നിറയ്ക്കാം.

ഒരു തവണ ടാങ്ക് നിറച്ചാൽ 600 കിലോമീറ്റർ വരെ സർവീസ് നടത്താനാകുമെന്നതിനാൽ ദീർഘദൂര സർവീസുകൾക്കും ഉപയോഗിക്കാം. 130 എച്ച്പിയാണ് എൻജിൻ കരുത്ത്. 12 മീറ്റർ നീളമുള്ള ബസിൽ 50 സീറ്റുകളുണ്ടാകും.

related stories