Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ കൈവിടില്ല, അവഹേളിച്ചവരോട് വിട്ടുവീഴ്ചയില്ല; നിലപാട് പ്രഖ്യാപിച്ച് ‘അമ്മ’

AMMA logo

കൊച്ചി∙കുറ്റാരോപിതൻ മാത്രമായ നടൻ ദിലീപിനെ കുറ്റം തെളിയുന്നതു വരെ തള്ളിപ്പറയില്ലെന്നും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കൊപ്പമുള്ളവരോടു വിട്ടുവീഴ്ചയില്ലെന്നും തുറന്നടിച്ച് അഭിനേതാക്കളുടെ സംഘടനയായ  ‘അമ്മ’യുടെ സെക്രട്ടറി സിദ്ദീഖ്. 

‘അമ്മയെയും ഭാരവാഹികളെയും അവഹേളിച്ചു പരസ്യ പ്രസ്താവന നടത്തിയവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകും. രാജിവച്ച നടിമാരെ തിരിച്ചു വിളിക്കുന്ന പ്രശ്നമേയില്ല. അവർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  അപേക്ഷ നൽകി ചെയ്തതിനൊക്കെ മാപ്പു പറയട്ടെ. അപ്പോൾ പരിഗണിക്കാം’- കെപിഎസി ലളിതയ്ക്കൊപ്പം അരൂർ എരമല്ലൂരിലെ സിനിമാ സെറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സിദ്ദീഖ് വ്യക്തമാക്കി. 

മോഹൻലാലിനെ അവഹേളിക്കുന്നതായിരുന്നു ഡബ്ല്യുസിസി പത്രസമ്മേളനം. നടീനടൻമാരുടെ സംഘടനയിലെ  അംഗങ്ങളെ നടിമാർ എന്നു വിളിച്ചത് ആക്ഷേപമാണെന്ന വാദം ബാലിശമാണ്. ദിലീപ് 10നു രാജിക്കത്തു നൽകിയിരുന്നു. താൻ കാരണം സംഘടനയിൽ പ്രശ്നം വേണ്ടെന്നു പറഞ്ഞായിരുന്നു രാജി. 24ന് കൂടുന്ന നിർവാഹക സമിതി രാജിയിൽ  തീരുമാനമെടുക്കും. 

ഡബ്ല്യുസിസിയെ മുൻനിർത്തി ആരോ അമ്മയെ തകർക്കാൻ ശ്രമിക്കുന്നു. ഡബ്ല്യുസിസിയിലുള്ളവർ സാമ്പത്തിക ഭദ്രതയുള്ള വരേണ്യ വർഗമാണ്. അങ്ങനയെല്ലാത്ത, അവസരങ്ങൾ കുറഞ്ഞ എത്രയോ പേർ ഈ സംഘടനയിലുണ്ട്.. അവരുടെ കൂടി ക്ഷേമത്തിനാണു പ്രവർത്തനം. 

ബോളിവുഡിൽ ‘മീടു’ വെളിപ്പെടുത്തലുകളിൽ ഉൾപ്പെട്ടവരുടെ സിനിമകളിൽ സഹകരിക്കില്ലെന്ന് അമീർഖാനും അക്ഷയ് കുമാറുമെല്ലാം പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് ഇവിടെ ദീലിപിനെ വച്ചു സിനിമ എടുക്കുന്നതിനെ വിമർശിക്കുന്നത്. അമ്മ ആരുടെയും ജോലി കളയാനോ തടയാനോ ഇല്ല. അമീർഖാനും അക്ഷയ് കുമാറും ചെയ്തതാണു തെറ്റ്. ആരോപണം നേരിടുന്ന ഒരാളുടെ പേരിൽ ഒട്ടേറെപ്പേരുടെ ഉപജീവന മാർഗം തടഞ്ഞതു ശരിയല്ല. 

മീ ടൂ ക്യാംപയിൻ നല്ലതെങ്കിലും ദുരുപയോഗം ചെയ്യരുത്. രേവതിയുടെ വെളിപ്പെടുത്തലിൽ പറയുന്ന കാര്യങ്ങൾ എവിടെ, എപ്പോൾ, ഏതു സിനിമയുടെ സെറ്റിൽ തുടങ്ങിയവ തുറന്നു പറഞ്ഞാൽ അന്വേഷിക്കാം. പേരു പറയാതെ തേജോവധം ചെയ്യാനുള്ള ശ്രമം നല്ലതല്ല. ആക്രമിപ്പിക്കപ്പെട്ട നടി ദിലീപിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല. തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി എന്ന് ആരോപിക്കുന്ന അവർ ഏത് സിനിമ, സംവിധായകൻ ആര് തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണം. ഡബ്ല്യുസിസിക്കെതിരെയുള്ള സൈബർ ആക്രമണം ജനങ്ങളുടെ പ്രതികരണമാണെന്ന് അവർ മനസിലാക്കണം. 

ആക്രമിക്കപ്പെട്ട നടിക്കു മാനസിക പിന്തുണ മാത്രമേ നൽകാനാവൂ. നിർവാഹക സമിതിയിലെ 2 വനിത അംഗങ്ങൾ കേസിൽ കക്ഷി ചേരാൻ പോയപ്പോൾ വേണ്ടെന്നു പറഞ്ഞത് അവർ തന്നെയാണ്. കഴിഞ്ഞ നിർവാഹക സമിതി യോഗം മുഴുവൻ വിഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. അവരെ 40 മിനിട്ട് സംസാരിക്കാൻ അവസരം നൽകാതെ കുറ്റംപറഞ്ഞു എന്നതിന്റെ സത്യാവസ്ഥ വിഡിയോ പരിശോധിച്ചാൽ മനസിലാവും.

അമ്മയിൽ പരാതി പരിഹാര കമ്മിറ്റി ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ആഷിഖ് അബു അങ്ങനെയൊരു സെൽ തുടങ്ങുന്നത് അദ്ദേഹത്തിന്റെ സെറ്റുകളിൽ അത്രയും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാവും.

സിദ്ദീഖ് പറഞ്ഞത് അമ്മയുടെ അഭിപ്രായം: ഇടവേള ബാബു

തൃശൂർ∙ അമ്മയിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാൻ ശ്രമിച്ചാൽ തൽക്കാലം നടക്കില്ലെന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സിദ്ദീഖും കെപിഎസി ലളിതയും പറഞ്ഞതു പൂർണമായി അമ്മയുടെ അഭിപ്രായമാണ്. അതു നേതൃത്വവുമായി ആലോചിച്ചു ചെയ്തതുമാണ്. 

എന്നാൽ ജഗദീഷ് നൽകിയ പത്രക്കുറിപ്പ് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുതിർന്ന നടൻ എന്ന നിലയിലും ട്രഷറർ എന്ന നിലയിലൂം അദ്ദേഹത്തിനു അതിന് അവകാശമുണ്ട്. പ്രസ്താവനകളുടെ വരികൾക്കിടയിൽ വായിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്നു വരുത്താൻ ശ്രമിക്കേണ്ടെന്നും ബാബു പറഞ്ഞു.