Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ നയതീരുമാനങ്ങളും ഉത്തരവുകളും വിജിലൻസ് അന്വേഷിക്കേണ്ട: ഹൈക്കോടതി

high-court-kerala

കൊച്ചി∙ സർക്കാരിന്റെ നയതീരുമാനങ്ങളും ഭരണപരമായ ഉത്തരവുകളും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാനാവില്ലെന്നു ഹൈക്കോടതി. നിയമനിർമാണങ്ങളുടെ ശരിതെറ്റുകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്കു സാധ്യമല്ല. അനാവശ്യ പരാതികളും വ്യവഹാരങ്ങളും തടയാൻ സർക്കാർ നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും കോടതി പറ‍ഞ്ഞു.

എൻ. ശങ്കർറെഡ്ഡിക്കു ‍ഡിജിപി പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള അനാവശ്യക്കേസ് റദ്ദാക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. പായിച്ചിറ നവാസിന്റെ പരാതിയിൽ വിജിലൻസ് കോടതി പുറപ്പെടുവിച്ച പ്രാഥമികാന്വേഷണ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശങ്കർ റെഡ്ഡി, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർക്കെതിരെയുള്ള പരാതിയും കോടതി തള്ളി.

പായിച്ചിറ നവാസ് പലർക്കെതിരെ വിവിധ കോടതികളിലായി 45 കേസുകൾ നൽകിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. പരാതി അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടെയുള്ളതാണെന്നും കോടതി വിലയിരുത്തി. അനാവശ്യ കേസുകളും പ്രോസിക്യൂഷനും തടയേണ്ടത് അത്യാവശ്യമാണെന്നും കോടതി പറ‍ഞ്ഞു.

അനാവശ്യ വ്യവഹാരങ്ങൾ നിയന്ത്രിക്കാൻ 1994ൽ സർക്കാർ കൊണ്ടുവന്ന ബിൽ കാലഹരണപ്പെട്ടു. ഈ വിഷയം നിയമപരിഷ്കരണ കമ്മിഷന് വിട്ടെന്നാണ് സർക്കാർ പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജിക്ക് ആധാരമായ കേസ് നിയമനടപടികളുടെ ദുരുപയോഗമാണെന്നു കോടതി പറഞ്ഞു. ഒട്ടേറെ പരാതികൾ യാന്ത്രികമായി പ്രാഥമിക പരിശോധനയ്ക്കും അന്വേഷണത്തിനും വിടുന്നുണ്ട്. അഴിമതിക്കേസുകൾ ഉണ്ടാക്കുന്ന ദുഷ്പേര് വേഗം മാറില്ലെന്നതിനാൽ ജാഗ്രതയോടെ നടപടി വേണ്ടതാണ്.

വിജിലൻസിന്റെ അധികാരം

വസ്തുതകളുടെ അടിസ്ഥാനത്തിൽ അഴിമതി വെളിപ്പെടുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ അഴിമതി നിരോധന നിയമപ്രകാരം നടപടി പാടുള്ളൂ. ഭരണ, ഉദ്യോഗസ്ഥ തലങ്ങളിലെ നടപടികളിൽ വ്യക്തിപരമായി അഴിമതിയുടെ ഘടകമോ ഔദ്യോഗിക പെരുമാറ്റദൂഷ്യമോ ഉണ്ടെങ്കിൽ മാത്രമേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണ വിധേയമാക്കാവൂ. പ്രശസ്തിക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടിയുള്ള അനാവശ്യപരാതികൾ വിജിലൻസും സ്പെഷൽ കോടതികളും തിരിച്ചറിയണം.

സർക്കാർ ഉദ്യോഗസ്ഥരുടെ പ്രമോഷൻ പോലെയുള്ള നയതീരുമാനങ്ങളുടെ നിയമസാധുതയും ഔചിത്യവും പൊലീസ് സംവിധാനങ്ങളിലൂടെ വിലയിരുത്തേണ്ടതല്ല. ഇത്തരം കാര്യങ്ങൾ വിലയിരുത്താൻ ട്രൈബ്യൂണലുകളുണ്ട്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായ പ്രമേഷൻ സംബന്ധിച്ച് ആക്ഷേപമുള്ളവർ ഉചിതമായ നിയമഫോറത്തിൽ ചോദ്യം ചെയ്യുകയാണു വേണ്ടത്.

വിജിലൻസ് പൊലീസിലെ ഒരു വിഭാഗം മാത്രമാണ്. സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചു ശുപാർശ നൽകാനുള്ള അധികാരം വിജിലൻസിനില്ല. പണം തിരിച്ചുപിടിക്കുന്നതുൾപ്പെടെ അച്ചടക്ക നടപടി ആവശ്യമെന്നു കാണുന്ന കേസുകളിൽ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണു സാധിക്കുക– കോടതി പറ‍ഞ്ഞു.

related stories