Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി പരിപാടികളിലെ പങ്കാളിത്തം പദവികൾക്കു പരിഗണിക്കും: മുല്ലപ്പള്ളി

Mullappally Ramachandran

ആലപ്പുഴ∙ പാർട്ടി പരിപാടികളിലെ പങ്കാളിത്തം നേതൃപദവികളിലേക്കുള്ള പരിഗണനയായി ഇനി കണക്കിലെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെക്കുറിച്ച് ഓരോ കമ്മിറ്റിയും റിപ്പോർട്ട് നൽകണം. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നു ജില്ലാതലങ്ങളിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാത്തവരുടെ റിപ്പോർട്ട് ശേഖരിക്കും. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പ്രവർത്തകർ പങ്കെടുത്തുവെന്ന് ഇനി ഹൈക്കമാൻഡ് നേരിട്ട് ഉറപ്പാക്കും. അതിനായി എല്ലാ പ്രവർത്തകരും രാഹുൽ ഗാന്ധി ആവിഷ്കരിച്ച ‘ശക്തി’ പ്രോജക്ടിൽ റജിസ്റ്റർ ചെയ്യണം. 

ബൂത്ത് തലം മുതലുള്ള പുനഃസംഘടനകളിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും പാർട്ടിയോടുള്ള കൂറും മാത്രമാകും മാനദണ്ഡം. കമ്മിറ്റികളിൽ കഴിവും ശേഷിയും സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിർത്തൂ. ഒരു നേതാവും പാർട്ടിക്ക് അതീതനല്ല. 25 നു മുൻപു സംസ്ഥാനത്തെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. 24 നു വടകരയിലെ സ്വന്തം ബൂത്തിൽ താൻ പങ്കെടുക്കുമെന്നും എല്ലാ നേതാക്കളും അവരവരുടെ ബൂത്ത് പുനഃസംഘടനാ യോഗത്തിൽ നിർബന്ധമായി പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊട‍ിക്കുന്നിൽ സുരേഷ് എംപി പ്രസംഗിച്ചു.

ശബരിമല: കൊടിപിടിച്ച് സമരത്തിനില്ല

ശബരിമലയെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ലെന്നും സമരങ്ങളിൽ കൊടിപിടിച്ച് രാഷ്ട്രീയം കലർത്തരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം കോൺഗ്രസ് അംഗീകരിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബ്രൂവറി വിഷയത്തിൽ ജ‍ുഡീഷ്യൽ കമ്മിഷനെ നിയമിച്ചു തുടരന്വേഷണം നടത്തണം. പ്രളയത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.