Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ രംഗത്തു പരാതി പരിഹാര സെൽ പരിഗണനയിൽ

K.K. Shylaja

തിരുവനന്തപുരം∙ സിനിമാ മേഖലയിൽ പരാതിപരിഹാര സെൽ രൂപീകരിക്കുന്ന കാര്യം നിയമവിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഡബ്ല്യുസിസിയുടെ അംഗങ്ങളായ ബീന പോൾ, വിധു വിൻസന്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കു തുല്യനീതിയും തുല്യവേതനവും ഉറപ്പാക്കണമെന്നും ഇവിടെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചു പരാതിപ്പെടാൻ പരാതി പരിഹാരസെൽ വേണമെന്നുമാണു ഡബ്ല്യുസിസി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ പ്രതിപാദിക്കുന്ന നിയമപ്രകാരം 10 സ്ത്രീകളിലധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പരാതി പരിഹാര സെൽ നിർബന്ധമാണ്.

പക്ഷേ, ചലച്ചിത്ര മേഖല ഈ നിയമത്തിന്റെ പരിധിയിൽ പെടാത്തതിനാൽ പ്രത്യേക സെൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിൽ നിന്ന് ഒട്ടേറെ പരാതികൾ വന്നതു ഗൗരവത്തോടെയാണു കാണുന്നത്. മറ്റു പെർഫോമിങ് ആർട്സ് രംഗത്തും ചൂഷണമുണ്ട്. ഈ സാഹചര്യത്തിലാണ് എന്തു നടപടി വേണമെന്നു ചർച്ച ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

‘പറഞ്ഞതിന്റെ ശരിതെറ്റുകൾ ലളിത മനസിലാക്കട്ടെ’

കെപിഎസി ലളിതയുടെ പ്രസ്താവനകളോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി ശൈലജ. ഇടതു സഹയാത്രിക എന്നതിലുപരി അമ്മ എന്ന സംഘടനയിലെ അംഗമെന്ന നിലയിലാണ് അവർ സംസാരിച്ചത്. അതിന്റെ ശരിതെറ്റുകൾ അവർ മനസ്സിലാക്കട്ടെ. നടിമാർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും രാജിവച്ചവർ ചെയ്ത തെറ്റിന് മാപ്പു പറയണമെന്നുമായിരുന്നു ലളിത പറഞ്ഞത്.

related stories