Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള നിർമാണം പൂർത്തിയാക്കാൻ 3 വർഷം

Navakeralam-Rebuild Kerala

തിരുവനന്തപുരം∙കേരളത്തിന്റെ പുനർനിർമാണത്തിനു മൂന്നു വർഷമെങ്കിലും വേണ്ടി വരുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കാലയളവിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കും പരിസ്ഥിതിക്കും യോജിച്ച നിർമാണമാണു നടത്തുക. കുട്ടനാട്ടിലെ സമീപനം വയനാട്ടിലും ഇടുക്കിയിലും സ്വീകരിക്കാൻ സാധിക്കില്ല. സമതലപ്രദേശങ്ങളിൽ മറ്റൊരു രീതി വികസിപ്പിക്കണം.

പുനർനിർമാണത്തിനൊപ്പം തന്ത്രപ്രധാനമായ വലിയ വികസന പദ്ധതികൾകൂടി നടപ്പാക്കണം. മുഖ്യബിസിനസ് മേഖലയായ എറണാകുളം- കൊച്ചി ഇടനാഴി ശക്തിപ്പെടുത്തൽ ഇതിന്റെ ഭാഗമാണ്. തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യ വികസനവും നടപ്പാക്കും. മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതികളും ഉണ്ടാകും. ഏറ്റവും പിന്നാക്കം നിൽക്കുന്നവരെകൂടി ഉൾക്കൊള്ളാനാകുന്ന സമീപനമായിരിക്കും സ്വീകരിക്കുക.

പുനർനിർമാണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സൗഹാർദ ജീവിതക്രമം വികസിപ്പിക്കുകയാണു ലക്ഷ്യം. വേഗം, കാര്യക്ഷമത, ഉന്നത ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, സമയബന്ധിത പൂർത്തിയാക്കൽ, ദീർഘകാല നിലനിൽപ്, പ്രളയത്തിലും ദുരന്തങ്ങളിലും തകരാതെ നിൽക്കാനുള്ള ശേഷി, നീതിപൂർവമായ പുനരധിവാസം എന്നിവ പദ്ധതിയുടെ അടിസ്ഥാന സമീപനങ്ങളാണ്. സർക്കാരിനു ലഭിച്ച ആശയങ്ങളും വിദഗ്ധോപദേശങ്ങളും പരിഗണിച്ചാകും നിർമാണ പ്രവർത്തനങ്ങൾ. പുതിയ നിർദ്ദേശങ്ങൾ ലഭിച്ചാൽ സ്വീകരിക്കും.

∙യുവജനങ്ങളുടെ നൂതനാശയങ്ങളും അനുഭവ സമ്പത്തുള്ള വിദഗ്ധരുടെ പരിജ്ഞാനവും സമന്വയിപ്പിക്കും.

∙നൂതനവികസന ആശയങ്ങൾ രൂപപ്പെടുത്താനും സമാഹരിക്കാനും സെമിനാറുകളും ഹാക്കത്തോണുകളും സംഘടിപ്പിക്കും.

∙സ്കൂൾ-കോളജ് തലങ്ങളിൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതു പ്രോത്സാഹിപ്പിക്കും.

∙ പദ്ധതികളുടെ ഗുണഭോക്തൃ സ്വീകാര്യത അറിയാൻ ഇ–പോളിങ് സംവിധാനം.

related stories