Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിഎംജി: തീരുമാനം നീട്ടി

rebuild-kerala

തിരുവനന്തപുരം∙ സംസ്ഥാന പുനർനിർമാണത്തിനുള്ള കൺസൽറ്റന്റായി കെപിഎംജിയെ നിയമിക്കുന്നതു മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയതിനോടു മന്ത്രിമാരിൽ ചിലർക്കു വിയോജിപ്പ്. കെപിഎംജി ഇപ്പോൾ സൗജന്യമായി സഹായിക്കുന്നുണ്ടെന്നും അവർ‌ പദ്ധതിയുടെ ഭാഗമായി തുടരണമോയെന്നു പിന്നീടു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ച കുറിപ്പിൽ കെപിഎംജിയെ കൺസൽറ്റന്റാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുത്തിയിരുന്നു.

മന്ത്രിസഭ ചേരുന്നതിനു മുൻപു മുഖ്യമന്ത്രിയും പ്രളയവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരും പുനർനിർമാണ കാര്യം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നു. കെപിഎംജിയെ പുനർനിർമാണ കൺസൽറ്റന്റായി നിശ്ചയിക്കുന്നത് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുന്നതാണു നല്ലതെന്നു ഘടകകക്ഷി മന്ത്രിമാർ അഭിപ്രായപ്പെട്ടു. തുടർന്ന് ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനം എടുക്കാമെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

യോഗം അരമണിക്കൂറോളം നീണ്ടു. മന്ത്രിസഭാ യോഗവും വൈകി. മന്ത്രിസഭാ തീരുമാനം വിശദീകരിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കെപിഎംജിയുടെ സേവനം തുടരുന്നതു കൂടിയാലോചനകൾക്കു ശേഷം തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുനർനിർമാണത്തെക്കുറിച്ചുള്ള പഠനത്തിനായി നേരത്തെ കെപിഎംജിയെ ചുമതലപ്പെടുത്തിയിരുന്നു. പഠനം സൗജന്യമായി നടത്താമെന്നു കെപിഎംജി അറിയിച്ചതിനെ തുടർന്നാണ് ഏൽപിച്ചതെന്നായിരുന്നു അന്നു മുഖ്യമന്ത്രി അറിയിച്ചത്.

related stories