Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതിയായില്ല

തിരുവനന്തപുരം ∙ ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്കുള്ള കേന്ദ്രാനുമതി ഇന്നലെ വൈകുന്നേരം വരെയും ലഭിച്ചില്ല.

ഇന്നു രാവിലെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കേന്ദ്രനിലപാടും മറ്റും   മന്ത്രിസഭ ചർച്ച ചെയ്‌തേക്കും. കർശന  ഉപാധികളോടെ യാത്രാനുമതി ലഭിച്ച മുഖ്യമന്ത്രി നാളെ യുഎഇയിലേക്കു പോകും.മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വിദേശ പര്യടനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് മന്ത്രിസഭാ യോഗം ഇന്നത്തേക്കു മാറ്റിയത്. മുഖ്യമന്ത്രി ഇന്നു മാധ്യമ പ്രവർത്തകരെ കാണാൻ സാധ്യതയുണ്ട്.

മന്ത്രിമാർക്കു വരും ദിവസങ്ങളിൽ യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു സർക്കാർ.വിദേശകാര്യ മന്ത്രാലയമാണ്  അനുമതി നൽകേണ്ടത്. ഇതിനായി ചീഫ് സെക്രട്ടറി കത്തു നൽകിയിരുന്നു.ഇന്നലെ വൈകുന്നേരംവരെ അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രിമാരുടെ ഓഫിസുകൾ  നേരിട്ടു നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരം. കേന്ദ്രം യാത്രമുടക്കിയാൽ  രാഷ്ട്രീയമായി നേരിടുക മാത്രമാണ് സർക്കാരിനു മുന്നിലുള്ള വഴി.

ഇനി അനുമതി ലഭിച്ചാലും നേരത്തെ തീരുമാനിച്ച തീയതികളിൽ യാത്ര നടക്കുമോയെന്നു സംശയമാണ്. മന്ത്രിമാർ എത്തുന്നതിനു മുന്നോടിയായി പല വിദേശ രാജ്യങ്ങളിലും അവിടത്തെ സംഘടനകൾ വിദേശ മലയാളികളുടെ യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും അധികാരികളുടെ അനുമതി വാങ്ങിയാണ് ഇവ സംഘടിപ്പിക്കുന്നത്. സന്ദർശനം മാറ്റിയാൽ അതെല്ലാം മാറ്റേണ്ടി വരും.  വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ മന്ത്രിമാർക്ക് ഇതേ വരെ വിമാന ടിക്കറ്റ് നൽകിയിട്ടില്ല. ഒഡെപെകിനെയാണ് ഇതിനായി  ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 5000 കോടിയോളം രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ചില മന്ത്രിമാർ തങ്ങളെ ഏൽപിച്ച രാജ്യങ്ങളിലെ മലയാളികളുമായി ധനസമാഹരണത്തെക്കുറിച്ചു ഫോണിൽ സംസാരിച്ചു. പലരുടെയും പ്രതികരണം അത്ര അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇനി യാത്രാനുമതി ലഭിച്ചാലും എത്ര രൂപ സമാഹരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. 

അബുദാബി, ഷാർജ, ദുബായ് എന്നിവിങ്ങളിലെ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി  21നു  മടങ്ങിയെത്തും.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം നാളെ മുതൽ

അബുദാബി∙  പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ നാലുദിവസം യുഎഇ സന്ദർശിക്കും. രാവിലെ ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. വൈകിട്ട് 7.30ന് ബിസിനസ് പ്രഫഷനൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ, അഞ്ഞൂറോളം ബിസിനസ് പ്രമുഖരുടെ യോഗത്തിൽ കേരളത്തിന്റെ പുനഃസൃഷ്ടി സംബന്ധിച്ച പദ്ധതികൾ  അവതരിപ്പിക്കും. വ്യാഴം എട്ടിന്  അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ (ഐഎസ്‌സി) പ്രസംഗിക്കും. 

പിറ്റേന്നു ദുബായിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് എമിറേറ്റിലെ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തും. ദുബായിലെ വ്യവസായികളുടെ പൊതുവേദിയായ ഇന്ത്യൻ ബിസിനസ് പ്രഫഷനൽ കൗൺസിലാണു (ഐബിപിസി)  പരിപാടി സംഘടിപ്പിക്കുന്നത്.  രാത്രി എട്ടിന് അൽ നാസർ ലിഷർലാൻഡിൽ ദുബായിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.  20ന് ഷാർജയിൽ വൈകിട്ട് നാലിന് വ്യവസായ പ്രമുഖരുമായി സംവദിക്കും. വൈകിട്ട് ഏഴിനു ഷാർജ ഷൂട്ടേഴ്സ് ക്ലബ്ബിൽ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും. യുഎഇയിലെ പരിപാടികൾക്കു ലോക കേരള സഭയും നോർക്കയുമാണു നേതൃത്വം നൽകുന്നത്.

related stories