Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ ആയിരങ്ങൾ പെരുവഴിയിൽ

ksrtc-strike പണികിട്ടുമേ...: കെഎസ്ആർടിസി ജീവനക്കാർ കോട്ടയത്ത് നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് പെരുവഴിയിലായ യാത്രക്കാരെ മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന ബസിൽ കയറ്റാൻ തടസ്സംനിന്ന സമരാനുകൂലികളോട് വെസ്റ്റ് സിഐ നിർമൽ ബോസ് തർക്കിക്കുന്നു. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

തിരുവനന്തപുരം ∙ യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസി സംയുക്ത സമരസമിതിയുടെ മിന്നൽ പണിമുടക്ക്. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്കു കൈമാറുന്നതിനെതിരെ യൂണിയനുകൾ നടത്തിയ ഉപരോധത്തിനിടെ തിരുവനന്തപുരത്തു തൊഴിലാളികളെ പൊലീസ് മർദിച്ചുവെന്നാരോപിച്ചാണു സംസ്ഥാന വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തിയത്. 

ഇന്നലെ രാവിലെ 8.30 മുതൽ 12 വരെ ബസുകൾ മുടങ്ങിയതോടെ പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും യാത്രക്കാരെ ഇറക്കിവിട്ടു. ബസുകൾ റോഡിൽ നിർത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു. മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, ടി. പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കുടുംബശ്രീക്കു കരാർ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനു ശേഷമാണു ബസുകൾ ഓടിത്തുടങ്ങിയത്. 

തിരുവനന്തപുരത്തു തമ്പാനൂരിൽ ബസുകൾ നിർത്തിയിട്ടതോടെ നഗരത്തിലെ ഗതാഗതം മുഴുവൻ താറുമാറായി. രാവിലെ 5 മുതൽ സെൻട്രൽ റിസർവേഷൻ കൗണ്ടറിനു മുന്നിൽ യൂണിയനുകൾ ഉപരോധം തുടങ്ങി. 7 മണിയോടെ പൊലീസ് എത്തി യാത്രക്കാർക്കു ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കി. പ്രവർത്തകർ ഇതു തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിൽ പ്രതിഷേധിച്ചാണു പണിമുടക്കിനു ഭരണ, പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചത്. 

തുടർന്നു പ്രവർത്തകർ റോഡിലിറങ്ങി ബസുകൾ തടഞ്ഞിട്ടു. തീരുമാനം മരവിപ്പിക്കുന്നതായി മാനേജ്മെന്റ് ഫോൺ സന്ദേശം നൽകിയെങ്കിലും രേഖാമൂലം ഉറപ്പു കിട്ടണമെന്നു യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. മന്ത്രിതല ചർച്ചയിൽ കരാർ മരവിപ്പിക്കാൻ തീരുമാനിച്ചതോടെയാണു സമരം നിർത്തിയത്.

related stories