Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യിലെ തർക്കം പരസ്യമാവുന്നു; ശബ്ദസന്ദേശങ്ങൾ പുറത്ത്

jagadish-baburaj

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരസ്യമാവുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറർ ജഗദീഷിന്റെയും നിർവാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങൾ ചോർന്നു.

സംഘടനാ വക്താവെന്ന നിലയിൽ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ദീഖ് കെപിഎസി ലളിതയ്ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്സാപ് ഗ്രൂപ്പിൽ ഇരുവരുടെയും പ്രതികരണം. എന്നാൽ, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ദീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹൻലാലിന്റെ പ്രതികരണം ലഭ്യമായില്ല 

സംയമനം പാലിക്കാൻ മോഹൻലാൽ ഇരുപക്ഷത്തുള്ളവരോടും നിർദേശിച്ചതായാണു വിവരം. മോഹൻലാൽ അടുത്ത ആഴ്ച വിദേശത്തേക്കു പോകുന്നതിനാൽ 19ന്  മുതിർന്ന അംഗങ്ങൾ വിഷയം ചർച്ച ചെയ്തേക്കുമെന്നു സൂചനയുണ്ട്.

പുറത്തായ ശബ്ദ സന്ദേശങ്ങളിൽ ഇങ്ങനെ:

ഗുണ്ടായിസം ഇനി നടക്കില്ല: ജഗദീഷ്

അഭിപ്രായം പറയുന്നവരുടെ കരിയർ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതിൽ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതിൽ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിർത്താമെന്നു കരുതിയിട്ടുണ്ടെങ്കിൽ നടക്കില്ല. അച്ചടക്കത്തോടെ വാട്സാപ് സന്ദേശത്തിൽ മാത്രമാണ് ഞാനിതു പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയാനാവും. ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. അത് പറയാൻ പ്രേരിപ്പിക്കരുത്.  വല്യേട്ടൻ മനോഭാവം ആർക്കും വേണ്ട.  സുഹൃത്തുക്കൾക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാൽ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ പാടില്ല.

ദിലീപിനെ അമ്മ പിന്തുണയ്ക്കേണ്ട: ബാബുരാജ്

സിദ്ദീഖീന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പർ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പർബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ നടക്കില്ല. ദിലീപിനെ പുറത്താക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാർത്ത. ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാലാണ്. പത്രസമ്മേളനത്തിൽ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതച്ചേച്ചിയെ അവിടെ ഉൾപ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കിൽ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരിൽ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ല.

ഒന്നും അറിഞ്ഞില്ലെന്ന് അമ്മ ഭാരവാഹികൾക്കു പരിഭവം

ദിലീപിന്റെ രാജിക്കാര്യവും സിദ്ധീഖിന്റെ പത്രസമ്മേളന നീക്കവും അറിഞ്ഞിരുന്നില്ല എന്ന അമ്മ നിർവാഹക സമിതിയിലെ പല അംഗങ്ങൾക്കും പരിഭവമുള്ളതായി സൂചന.  എന്നാൽ, അമ്മയുടെ ഒദ്യോഗിക പത്രക്കുറിപ്പിലെ ചില പരാമർങ്ങളാണ് ദിലീപ് അനുകൂല വിഭാഗത്തെ ചൊടിപ്പിച്ചതത്രേ. 

മോഹൻലാലുമായി ചർച്ച ചെയ്താണ് പത്രക്കുറിപ്പ് പുറത്തിറക്കിയതെന്നു ജഗദീഷ് ഉറപ്പിച്ചു പറയുന്നു. വിവാദ  വിഷയങ്ങളിൽ  സംഘടനാ ചട്ടങ്ങൾക്കുപരിയായി ധാർമ്മികതയിൽ ഊന്നിയുള്ള  തീരുമാനം ഉണ്ടാവുമെന്ന അപത്രക്കുറിപ്പിലെ സൂചനയാണു ദിലീപ് അനുകൂലികളെ  ചൊടിപ്പിച്ചത്. രാജിവച്ച നടിമാരെ തിരിച്ചെടുക്കാൻ സന്നദ്ധമാണെന്ന സൂചനയും അവർക്ക് ഹിതകരമായില്ല. ഇതോടെ പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു ഷൂട്ടിങ് സെറ്റിൽ സിദ്ധീഖ് നടത്തിയ തുറന്നടിച്ചുള്ള പത്രസമ്മേളനം. വനിത കൂട്ടായ്മയെ വിമർശിക്കുന്നതിനാൽ  വനിതാ മുഖമായി കെപിഎസി ലളിതയെയും ഒപ്പം കൂട്ടി. എന്നാൽ നിർവാഹക സമിതി അംഗം പോലുമല്ലാത്ത  ലളിതയെ എന്തിന് പത്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ചെന്നു  മറുപക്ഷം ചോദിക്കുന്നു. 

ആക്രമിക്കപ്പെട്ട നടി ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കിയതായി പരാതി നൽകിയിട്ടില്ലെന്ന സിദ്ധീഖിന്റെ പത്ര സമ്മേളനത്തിലെ വാദത്തെ ഖണ്ഡിക്കാൻ അദ്ദേഹം മുൻപ് പൊലീസിനു കൊടുത്ത മൊഴിയും ചിലർ  പുറത്തുവിട്ടു.