Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കലിൽ സംഘർഷം; നാലിടത്ത് ഇന്നും നാളെയും നിരോധനാജ്ഞ

madhavi-and-family ശബരിമല യുവതീപ്രവേശ വിധിക്കു ശേഷം മല ചവിട്ടാൻ സന്നിധാന പാതയിൽ പ്രവേശിച്ച ആദ്യ യുവതിയായ ആന്ധ്ര സ്വദേശിനി മാധവിയും കുടുംബവും പൊലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് നീങ്ങിയപ്പോൾ. അരകിലോമീറ്ററോളം മുന്നോട്ടുപോയ ഇവർ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

നിലയ്ക്കൽ/പത്തനംതിട്ട ∙ ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടർന്നു നിലയ്ക്കലിൽ വ്യാപക സംഘർഷം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. തീർഥാടകർക്കു തടസ്സമില്ല. മൊത്തം 40 പേരെ അറസ്റ്റ് ചെയ്തു. ഇന്നത്തെ ഹർത്താലിനു ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു. 

നിലയ്ക്കലിൽ കല്ലേറിലും ലാത്തിച്ചാർജിലുമായി ഇരുനൂറ്റിയൻപതിലേറെ സമരക്കാർക്കും 25 പൊലീസുകാർക്കും പരുക്കേറ്റു. 4 വനിതകളടക്കം 10 മാധ്യമപ്രവർത്തകർക്കും പരുക്കുണ്ട്. വൈകിട്ടോടെ പമ്പയിലും കല്ലേറും ലാത്തിച്ചാർജുമുണ്ടായി. ഒരു സ്ത്രീക്കു പരുക്കേറ്റു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മുൻ തന്ത്രി കണ്ഠര് മഹേശ്വരരുടെ പത്നി ദേവകി അന്തർജനം, മകൾ മല്ലിക നമ്പൂതിരി എന്നിവരെ പമ്പയിലും അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്തും അറസ്റ്റ് ചെയ്തു. ദേവകി അന്തർജനത്തെയും മല്ലിക നമ്പൂതിരിയെയും ജാമ്യത്തിൽ വിട്ടെങ്കിലും രാഹുലിനും പ്രയാറിനുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയത്.

രാവിലെ മുതൽ സ്ഥിതി ആശങ്കാജനകമായിരുന്നെങ്കിലും ഉച്ച കഴി‍ഞ്ഞു നിലയ്ക്കൽ ഗോപുരത്തിനു സമീപമാണു സംഘർഷം തുടങ്ങിയത്. ശബരിമല കർമസമിതിയുടെ മാതൃശക്തി സംഗമം സംഘർഷസാധ്യത കണക്കിലെടുത്തു 2.30ന് അവസാനിപ്പിച്ചിരുന്നു. പിന്നാലെ പൊലീസിനു നേരെ കല്ലേറു തുടങ്ങി. പൊലീസ് തിരികെ കല്ലേറും ലാത്തിച്ചാർജും നടത്തി.

കാറുകളും 10 കെഎസ്ആർടിസി ബസുകളും 2 പൊലീസ് ബസുകളും കല്ലേറിൽ തകർന്നു. സമരക്കാരെത്തിയ നൂറോളം ഇരുചക്രവാഹനങ്ങൾ പൊലീസ് തകർത്തു. റാന്നി തഹസീൽദാറുടെ വാഹനവും പൊലീസ് ജീപ്പും ആക്രമിക്കപ്പെട്ടു. മനോരമ ന്യൂസ്, റിപ്പബ്ലിക് ടിവി, ആജ്തക്, റിപ്പോർട്ടർ, ന്യൂസ് 18 എന്നിവയുടെ വാഹനങ്ങളും തകർന്നു.

പമ്പയിൽനിന്നു മലകയറാൻ ശ്രമിച്ച ആന്ധ്ര സ്വദേശിനി മാധവിയെ (34) തടഞ്ഞതിനും പത്തനംതിട്ടയിൽ ബസ് തടഞ്ഞു ചേർത്തല സ്വദേശി ലിബിയെ (38) ഇറക്കി വിട്ടതിനും  കേസെടുത്തു. 4 യുവതികളുള്ള ബസ് നിലയ്ക്കലിൽ സമരക്കാർ തടഞ്ഞു. നിലയ്ക്കലിൽ പൊലീസ് പുലർച്ചെ പൊളിച്ച സമരപ്പന്തൽ പ്രതിഷേധക്കാർ വീണ്ടുമുയർത്തിയിരുന്നു.

നിലയ്ക്കലിലും പമ്പയിലും കല്ലേറും ലാത്തിച്ചാർജും

nilakkal-stone-pelting ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നിലയ്ക്കലിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

നിലയ്ക്കലിൽ മാത്രം 4 തവണ ലാത്തിച്ചാർജ് നടന്നു. പൊലീസ് അടിച്ചോടിക്കുന്ന സമരക്കാർ വീണ്ടും ഒത്തുകൂടുന്ന കാഴ്ചയായിരുന്നു ഓരോ തവണയും. ആദ്യം എഡിജിപി അനിൽ കാന്തും പിന്നീട് ഐജി മനോജ് ഏബ്രഹാമും നേരിട്ടു ലാത്തിച്ചാർജിനു നേതൃത്വം നൽകി. അൻപതോളം സമരക്കാർ കാട്ടിലേക്ക് ഓടിക്കയറി.

പമ്പയിൽ അഖിലേന്ത്യ ഹിന്ദു പരിഷത്തിന്റെ നാമജപത്തിനിടെ വൈകിട്ട് നാലരയോടെയാണു സംഘർഷമുണ്ടായത്. അഞ്ചിനു നാമജപം അവസാനിപ്പിക്കണമെന്നു പൊലീസ് നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ പൊലീസിനുനേരെ കല്ലേറു തുടങ്ങി. ഇതിനിടെയാണു വനിതാ ഗാർഡ് റൂമിന്റെ വരാന്തയിലിരുന്ന സ്ത്രീക്കു പരുക്കേറ്റത്. അവർ റോഡിൽ വീണതോടെ  പൊലീസ് ലാത്തിവീശി. കുറേപ്പേർ കാട്ടിൽ കയറി വീണ്ടും കല്ലേറു തുടങ്ങി. പൊലീസ് പിന്തുടരാൻ ശ്രമിച്ചെങ്കിലും ഉന്നതോദ്യോഗസ്ഥർ പിന്തിരിപ്പിച്ചു.

പരമ്പരാഗത പാതയിലും കനത്ത ജാഗ്രത

വണ്ടിപ്പെരിയാർ∙  ശബരിമല തീർഥാടകരുടെ പരമ്പരാഗത പാതയായ സത്രം പുല്ലുമേട് വഴിയും വള്ളക്കടവ് കോഴിക്കാനം വഴിയും സ്ത്രീകളെ കടത്തിവിടുന്നതായി അഭ്യൂഹത്തെ തുടർന്ന് വള്ളക്കടവ്, സത്രം എന്നിവിടങ്ങളിൽ ഹിന്ദു സംഘടനാ പ്രവർത്തകർ നിലയുറപ്പിച്ചു. പ്രദേശത്ത് കൂടുതൽ പോലീസും എത്തിയിട്ടുണ്ട്.

യുവതി എത്തിയെന്നു തെറ്റിദ്ധാരണ: പൊലീസ് കയറിയ ട്രാക്ടർ തടഞ്ഞു

പമ്പ ∙ ട്രാക്ടറിന്റെ കാബിനിൽ കയറി നിന്ന് 4 പൊലീസുകാർ സന്നിധാനത്തേക്കു നീങ്ങിയത് ആചാര സംരക്ഷകരായ നാമജപക്കാരെ പ്രകോപ്പിച്ചു. പൊലീസ് സംരക്ഷണത്തിൽ യുവതിയെ സന്നിധാനത്തേക്കു ട്രാക്ടറിൽ കൊണ്ടു പോകുകയാണെന്നു പറഞ്ഞ് അവർ വാഹനം തടഞ്ഞു. ട്രാക്ടറിൽ യുവതി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നാമജപക്കാർ മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ പമ്പാ ചെളിക്കുഴിയിലാണ് സംഭവം. പന്തളം രാജപ്രതിനിധി മണ്ഡപത്തിനു സമീപത്ത് ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ട്രാക്ടറിൽ പൊലീസുകാർ പോയതും ഇവർ പിന്നാലെ കൂടിയതും. രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പടെ നിലയ്ക്കലിൽ വൻ മാധ്യമപ്പട. ബിബിസി അടക്കം വൻ സംഘമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. ദേശീയ ദൃശ്യ – പത്ര മാധ്യമങ്ങളെല്ലാം സ്ഥലത്തുണ്ട്. .

വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം: വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം∙ പമ്പയിലും നിലയ്ക്കലിലും വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെയുണ്ടായ അക്രമത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങൾക്കു സ്ത്രീകൾ അടിമപ്പെടുന്ന സാഹചര്യമാണെന്നും പമ്പയിലും നിലയ്ക്കലിലും ജോലി ചെയ്യാൻ വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും ജോസഫൈൻ പറഞ്ഞു.