Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി; നാരായണൻ നമ്പൂതിരി മാളികപ്പുറത്തും

melshanthimar വി.എൻ. വാസുദേവൻ നമ്പൂതിരി, എം.എൻ. നാരായണൻ നമ്പൂതിരി

ശബരിമല ∙ പാലക്കാട് മണ്ണാർകാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരി മനയിൽ വി.എൻ. വാസുദേവൻ നമ്പൂതിരി (44) ശബരിമലയിലും ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരി (52) മാളികപ്പുറത്തും പുതിയ മേൽശാന്തിമാർ. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. വാസുദേവൻ നമ്പൂതിരി ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെയും നാരായണൻ നമ്പൂതിരി രാമങ്കരി ധർമശാസ്താ ക്ഷേത്രത്തിലെയും മേൽശാന്തിമാരാണ്. നറുക്കെടുപ്പിനായി പട്ടികയിൽ ഇടം നേടിയ 9 പേരുകൾ എഴുതിയ പേപ്പർ ചുരുളുകളാക്കി ഒരു വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളിക്കുടത്തിലും 9 പേപ്പർ ചുരുളുകൾ ഇട്ടു.

അവയിൽ ഒന്നിൽ മാത്രം മേൽശാന്തി എന്ന് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവ ഒന്നും രേഖപ്പെടുത്താതെയും. പിന്നീട് വെള്ളിക്കുടങ്ങൾ ശ്രീകോവിലിനുള്ളിൽ തന്ത്രി കണ്ഠര് രാജീവര് പൂജിച്ചു കൈമാറി. പന്തളം രാജകൊട്ടാരത്തിൽ നിന്നെത്തിയ ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠത്തിലെ 2–ാം ക്ലാസ് വിദ്യാർഥി ഋഷികേശ് എസ്. വർമയാണ് നറുക്കെടുത്തത്. ആറാം തവണ കുറിയെടുത്തപ്പോഴാണ് പേരിനൊപ്പം മേൽശാന്തിയെന്ന കുറിപ്പ് ഒത്തുവന്നത്. പന്തളം കൊട്ടാരാംഗം തൃശൂർ കുറ്റിമുക്ക് സാന്ദീപിനി വിദ്യാനികേതനിലെ 4–ാം ക്ലാസ് വിദ്യാർഥിനി ദുർഗ രാമദാസ് രാജയാണ് മാളികപ്പുറം ക്ഷേത്രത്തിൽ നറുക്കെടുത്തത്. ഹൈക്കോടതി നിയോഗിച്ച ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഭാസ്കരന്റെ നിരീക്ഷണത്തിലും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ശബരിമല സ്പെഷൽ കമ്മിഷണർ എം. മനോജ്, ദേവസ്വം കമ്മിഷണർ എൻ. വാസു, എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുമായിരുന്നു നറുക്കെടുപ്പ്.

നിയുക്ത മേൽശാന്തിമാർ നവംബർ 16ന് ചുമതലയേൽക്കും. ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിപ്പാട് (44) പാലക്കാട് തച്ചനാട്ടുകര കുണ്ടൂർക്കുന്ന് വരിക്കാശേരി മനയ്ക്കൽ പരേതനായ വി.വി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമാദേവി അന്തർജനത്തിന്റെയും മകൻ. ഇതിനു മുൻപ് രണ്ടുതവണ ശബരിമല മേൽശാന്തിമാർക്കായുള്ള നറുക്കെടുപ്പിൽ പേരുണ്ടായിരുന്നു. അവിവാഹിതനാണ്. മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.എൻ. നാരായണൻ നമ്പൂതിരി (52) പാലാ കടനാട് പിഴക് മുടപ്പിലാപ്പിള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും പൊന്നമ്മ അന്തർജനത്തിന്റെയും മൂത്ത മകനാണ്. 2016ൽ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു ഇദ്ദേഹം. ഭാര്യ: വനവാതുക്കര മാമ്പറ്റ ഇല്ലത്ത് ജയശ്രീ. മക്കൾ: ഗൗതം കൃഷ്ണ, ആദിത്യ കൃഷ്ണ

കളഭാഭിഷിക്തനെ കണ്ടു തൊഴുത് ആയിരങ്ങൾ

ശബരിമല ∙ മലകയറി പടികയറി എത്തിയ ആയിരങ്ങൾ കളഭാഭിഷിക്തനായ അയ്യപ്പസ്വാമിയെ കണ്ടു തൊഴുതു. ഉച്ചപൂജയോടനുബന്ധിച്ചായിരുന്നു കളാഭിഷേകം. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. തന്ത്രി കണ്ഠര് രാജീവര് കാർമികത്വം വഹിച്ചു. ഉദയാസ്തമനപൂജ, പടിപൂജ എന്നിവയും ഉണ്ടായിരുന്നു.