Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിന് പിഴച്ചു; പഴി കേട്ടു; ഇന്റലിജൻസ് മുന്നറിയിപ്പ് ആവോളം; നടപ്പാക്കിയതിൽ വീഴ്ച

sabarimala-valiyanadappantha ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ ഒരുക്കം കൂട്ടുന്നതറിഞ്ഞ് വലിയനടപ്പന്തലിനു സമീപം പ്രതിഷേധിക്കുന്നവർ. ചിത്രം:പിടിഐ

തിരുവനന്തപുരം∙ സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. ഇന്നലെ സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മക്കുള്ള ഉദാഹരണമായി. പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറയേണ്ട ഗതികേടും പൊലീസിനുണ്ടായി. സുപ്രീം കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു ആദ്യം മുതൽ സർക്കാർ. ഇക്കാര്യം പൊലീസിലെ ഉന്നതരെയും അറിയിച്ചിരുന്നു.

എന്നാൽ, ഇതിന്റെ പ്രത്യാഘാതം എത്രത്തോളമെന്നു വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതിരുന്നതും ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന തന്ത്രിയുടെ മുന്നറിയിപ്പും പൊലീസിനെ വെട്ടിലാക്കി. യുവതികളെ തടയുന്നതിന്റെ പേരിൽ ഒരുവിഭാഗം ബോധപൂർവം പ്രശ്നമുണ്ടാക്കുമെന്നും വർഗീയ ലഹളയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. നട തുറക്കുന്നതിന്റെ തലേന്നു മുതൽ സ്വീകരിക്കേണ്ട നടപടികളും നിർദേശിച്ചു. കാനന പാതയിൽ ബലപ്രയോഗം നടത്തിയാൽ തിക്കിലും തിരക്കിലും വൻ ദുരന്തം ഉണ്ടാകുമെന്നും ഇന്റലിജൻസ് പല ദിവസങ്ങളിലായി നൽകിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കി.

സംഘടനയുടെ ലേബലില്ലാതെ ആളെ കൂട്ടി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുടെ പേരും കൈമാറി. ഇതിനു പുറമെ, ചിലരുടെ ഫോൺ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. എന്നാൽ നിലയ്ക്കലും സന്നിധാനത്തും തുടക്കത്തിൽ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കുന്നതിൽ ഉന്നതരുടെ കണക്കുകൂട്ടൽ പിഴച്ചു. വനിതാ മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം ഉണ്ടായതോടെയാണ് ഐജിമാരുടെ സംഘത്തെയും കൂടുതൽ സേനയും വിന്യസിച്ചത്.

ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കും

തിരുവനന്തപുരം∙ നിലയ്ക്കലിൽ പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന വിഡിയോ ദൃശ്യങ്ങൾ സേനയിലെ ചിലർ പ്രതിഷേധക്കാർക്കു ചോർത്തി നൽകിയതായി സൂചന. ഇതേക്കുറിച്ച് ഇന്റലിജൻസ് മേധാവി എ‍ഡിജിപി ടി.കെ. വിനോദ് കുമാർ അന്വേഷണത്തിനു നിർദേശം നൽകി. പൊലീസിന്റെ ലാത്തിചാർജും ബൈക്കുകൾ മറിച്ചിടുന്നതുമായ ദൃശ്യങ്ങൾ ചില സംഘടനകൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഈ ദൃശ്യങ്ങൾ പൊലീസുകാർ മാത്രം നിലയുറപ്പിച്ച ഭാഗത്തുനിന്നു ചിത്രീകരിച്ചവയാണ്. ഇതിനു പുറമെ പൊലീസ് നടപടിയെക്കുറിച്ചു പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചകൾ സേനയ്ക്കു യോജിച്ചതല്ലെന്നും ഇന്റലിജൻസ് അറിയിച്ചിട്ടുണ്ട്.