Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത നിലപാടിൽ തന്ത്രി; പതിനെട്ടാം പടിക്ക് കാവൽ തീർത്ത് പരികർമ്മികൾ

kandaru-rajeevaru-2 തന്ത്രി കണ്ഠര് രാജീവര്

പമ്പ∙ എറണാകുളത്തു നിന്നുള്ള യുവതിയെയും ഹൈദരാബാദിൽ നിന്നുള്ള മാധ്യമപ്രവർത്തകയെയും ഐജി ഉൾപ്പെടെ സായുധ പൊലീസ് സംഘത്തിന്റെ സുരക്ഷയിൽ എത്തിച്ചിട്ടും ക്ഷേത്രനട കയറ്റാനാകാതെ പൊലീസിനെ പ്രതിരോധത്തിലാക്കിയത് 3 കാര്യങ്ങൾ.

∙ നടപ്പന്തലിനു മുന്നിൽ സംഘടിച്ചിരുന്നത് അഞ്ഞൂറിലധികം അയ്യപ്പ ഭക്തരായിരുന്നു. സന്നിധാനത്ത് ഹിന്ദു സംഘടനാ പ്രതിനിധികൾ സംഘടിച്ചിരുന്നുവെന്ന സൂചനകൾ പുറത്തുവന്നതിനെ തുടർന്നു വ്യാഴാഴ്ച രാത്രി തന്നെ സന്നിധാനത്തു മലയാളികളായ യുവാക്കളെ അധികം തങ്ങാൻ അനുവദിക്കാതെ താഴേക്ക് ഇറക്കിയിരുന്നു. പുലർച്ചെ 3 മുതൽ സന്നിധാനത്തു കനത്ത മഴയുണ്ടായിരുന്നതിനാൽ സംഘടിച്ചൊരു പ്രതിഷേധം ഉണ്ടാകില്ലെന്ന പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ഭക്തജനക്കൂട്ടത്തിന്റെ ശരണം വിളി. ഇവരെ ബലം പ്രയോഗിച്ചു മാറ്റി യുവതികളെ കയറ്റുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് ഉന്നത പൊലീസ് ഓഫിസർമാർക്കു ബോധ്യപ്പെട്ടു.

∙ യുവതീപ്രവേശമുണ്ടായാൽ നട അടച്ചു മലയിറങ്ങുമെന്ന തന്ത്രി രാജീവരുടെ നിലപാട് നിർണായകമായി. തന്ത്രി തന്നെ ഇക്കാര്യം അറിയിച്ചതോടെ പൊലീസ് പ്രതിസന്ധിയിലായി.

∙ തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമ്മികൾ ഒന്നടങ്കം പതിനെട്ടാം പടിക്ക് കാവൽ തീർത്തു പതിനെട്ടാം പടിക്ക് മുന്നിൽ ശരണം വിളികളുമായി ഇരുന്നു. ദർശനത്തിനെത്തിയ അയ്യപ്പൻമാരും ഇതിനൊപ്പം ചേർന്നു. ഇൻഫോ ബോക്സ് യുവതികൾ കയറിയാൽ നട അടച്ചിടും: തന്ത്രി ശബരിമല

∙ ആചാരം ലംഘിച്ചു യുവതികളെ സന്നിധാനത്തിൽ കയറ്റിയാൽ ക്ഷേത്രനട അടച്ചിടുമെന്നു തന്ത്രി കണ്ഠര് രാജീവര്. അത്യന്തം വേദനയോടാണ് ഇക്കാര്യം പറയുന്നതെന്നും തങ്ങൾ നിസ്സഹായരാണെന്നും അദ്ദേഹം വ്യക്തമാക്കി. താഴമൺ മഠത്തിലെ സീനിയർ തന്ത്രി കണ്ഠര് മോഹനരുമായി ചർച്ചചെയ്താണ് തീരുമാനം എടുത്തത്. ആചാര വിരുദ്ധമായി എന്തെങ്കിലും നടന്നാൽ നട അടച്ചു താക്കോൽ ദേവസ്വം മാനേജരെ ഏൽപ്പിച്ചു മലയിറങ്ങും. ദേവസ്വം ബോർഡിനു വേണമെങ്കിൽ മേൽശാന്തിയെ ഉപയോഗിച്ചു പൂജകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു.