Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇഷ്ടമുള്ളവരെ വിശ്വസിക്കാം’; ആരെയും തള്ളാതെ മോഹൻലാൽ

Mohanlal

കൊച്ചി∙ ദിലീപ് വിവാദത്തിൽ സംഘടനയ്ക്കുള്ളിലെ രൂക്ഷമായ ഭിന്നിപ്പ് പുറത്തായെങ്കിലും ഇരു വിഭാഗത്തെയും തള്ളിപ്പറയാതെ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ. വിരുദ്ധ നിലപാടുകൾ പരസ്യമാക്കിയ സെക്രട്ടറി സിദ്ധിഖിനും ട്രഷറർ ജഗദീഷിനെയും പത്ര സമ്മേളനത്തിൽ ഒരുപോലെ സംരക്ഷിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യുസിസിയുടെ ആവശ്യങ്ങളിൽ അനുനയ സൂചന നൽകി ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പും ഈ നിലപാടുകൾ തള്ളി രൂക്ഷമായ ഭാഷയിൽ സിദ്ദിഖ് കെപിഎസി ലളിതയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനവും തന്റെ സമ്മതത്തോടെയാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ‘ഇതിൽ ആരു പറയുന്നതു വിശ്വസിക്കണം’ എന്ന ചോദ്യത്തിനു ‘നിങ്ങൾക്ക് ഇഷ്ടമുള്ളവരെ വിശ്വസിക്കാം’ എന്നായിരുന്നു മറുപടി.

സംഘടനാ തർക്കത്തിൽ ജഗദീഷും ബാബുരാജും രൂക്ഷമായി പ്രതികരിക്കുന്ന വാട്സാപ് ശബ്ദ സന്ദേശങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആരും തയ്യാറായില്ല. അതു തികച്ചും വ്യക്തിപരമാണെന്നും മുൻപും താനും സിദ്ദിഖും തമ്മിൽ ഉടക്കിയിട്ടുണ്ടെന്നുമായിരുന്നു ജഗദീഷിന്റെ വിശദീകരണം. ഇത്തരത്തിൽ ശബ്ദ സന്ദേശങ്ങൾ ചോർത്തുന്നത് ഒട്ടും ശരിയല്ലെന്നും ചോർത്തിയ വ്യക്തിയെ കണ്ടുപിടിക്കുമെന്നും മോഹൻലാലും വ്യക്തമാക്കി. 17 അംഗ നിർവാഹക സമിതിയിൽ 10 പേർ പങ്കെടുത്ത യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ മോഹൻലാലിനൊപ്പം ജഗദീഷും സിദ്ദിഖും അടുത്തടുത്തിരുന്നാണ് അനുനയം വ്യക്തമാക്കിയത്.

അതേസമയം മോഹൻലാലിന്റെ സാന്നിധ്യത്തിലും തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിൽ ഡബ്ല്യുസിസിക്കെതിരെ സിദ്ദിഖ് ആക്രമണം തുടർന്നു. സെക്രട്ടറി ഇടവേള ബാബുവും ബാബുരാജും ഇതിനെ പിന്തുണക്കുകയും ചെയ്തു. അമ്മയിൽ നിന്നു ചോര കുടിച്ച് വളരാനാഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്നും രാജിവച്ചവരെ തിരിച്ചെടുത്താലും അവർ അമ്മയ്ക്കൊപ്പം ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നും ബാബുരാജ് പറഞ്ഞു. പത്രസമ്മേളനത്തിൽ നാടൻ ഭാഷയിൽ നടത്തിയ ചില പരാമർശങ്ങളിൽ കെപിഎസി ലളിത പിന്നീട് ഖേദിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. ഭാരവാഹികളിൽ മീടൂ ആരോപണ വിധേയനായ മുകേഷും ഗണേഷ് കുമാറും യോഗത്തിൽ പങ്കെടുത്തില്ല.

‘അതു ഞാൻ കൊടുത്ത മൊഴിയല്ല’ ; സ്വന്തം മൊഴി തള്ളിപ്പറഞ്ഞ് സിദ്ദിഖ്

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലെ അവസരങ്ങൾ കേസിൽ പ്രതിയായ നടൻ ദിലീപ് ഇല്ലാതാക്കിയിട്ടുള്ളതായി അറിയാമെന്ന സ്വന്തം മൊഴി തള്ളിപ്പറഞ്ഞു നടൻ സിദ്ദിഖ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴിയിലാണു സിദ്ദിഖിന്റെ നിർണായക വെളിപ്പെടുത്തലുള്ളത്. ഇക്കാര്യം നടി തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്നും അതു ദിലീപിനോട് ചോദിച്ചപ്പോൾ ഇടപേടേണ്ട എന്നു പറഞ്ഞെന്നുമാണു സിദ്ദിഖിന്റേതായി കളമശേരി പൊലീസ് 2017 ജൂലൈ ആറിന് രേഖപ്പെടുത്തിയ മൊഴിയിൽ പറയുന്നത്.

കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഈ മൊഴിയുമുണ്ട്. എന്നാൽ ഇന്നലെ അമ്മ നിർവാഹക സമിതി യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അതു ഞാൻ കൊടുത്ത മൊഴിയല്ലെന്നു സിദ്ദിഖ് പറഞ്ഞു. ‘അതിനുള്ളിൽ വരുന്ന ഒരു രേഖ മാത്രമാണത്. ഞാൻ ഒപ്പിട്ട പേപ്പറൊന്നുമല്ല. സാക്ഷി വിസ്താരം നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയും’-സിദ്ദിഖ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച രേഖയാണു വാർത്തയാക്കിയതെന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.