Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് രാജിവച്ചില്ലായിരുന്നെങ്കിൽ അടുത്ത നടപടി: മോഹൻലാൽ

Amma-members-laugh കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ്, ജഗദീഷ്, അമ്മ പ്രസിഡന്റ് മോഹൻലാൽ, ഇടവേള ബാബു, ബാബു രാജ്,രചന നാരായണൻ കുട്ടി എന്നിവർ.

കൊച്ചി∙ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗത്തിനു ശേഷം മോഹൻലാലും മറ്റ് അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങളുയർന്നത് നടിമാരുടെ പത്രസമ്മേളനത്തെപ്പറ്റി. ‘ദാ, പിന്നെയും അതുതന്നെ ചോദിക്കുന്നു’ എന്ന് പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞാണു മോഹൻലാൽ ചോദ്യങ്ങളെ നേരിട്ടത്. അമ്മയുമായി ചർച്ച നടത്തിയ 3 നടിമാരുടെ പ്രധാന ആവശ്യം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ ജനറൽബോഡി വിളിച്ചു ചേർക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെട്ടത്. അദ്ദേഹം രാജിവയ്ക്കാൻ തയ്യാറായിരുന്നില്ലെങ്കിൽ അടുത്ത നടപടിയിലേക്കു കടക്കുമായിരുന്നു.

രാജിവച്ചവരെ തിരിച്ചെടുക്കുന്നതടക്കം നടിമാർ ആവശ്യപ്പെട്ട മറ്റു കാര്യങ്ങളൊന്നും അടിയന്തര പ്രധാന്യമുള്ളതല്ല. അവ ജനറൽബോഡി കൂടുമ്പോൾ ചർച്ച ചെയ്യും. അമ്മയിൽ അംഗങ്ങളായ 3 നടിമാർ അമ്മക്കെതിരെ സംസാരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം. അവർ ഉന്നയിച്ച കാര്യങ്ങൾ ആലോചിക്കാം എന്നു പറഞ്ഞപ്പോൾ സാവകാശം കാട്ടാതെ അവർ പത്രസമ്മേളനം നടത്തി. ആവശ്യമുണ്ടെങ്കിൽ ഇനിയും ചർച്ചയാവാം. ഇത് നടീനടൻമാരുടെ സംഘടനയാണ്. അതുകൊണ്ടു തന്നെ നടികൾ എന്നു പറയുന്നതു മോശം കാര്യമായി തോന്നിയിട്ടില്ല. തന്നെ എന്തു വേണമെങ്കിലും വിളിച്ചോട്ടെ. ആരോപണങ്ങളെല്ലാം വ്യക്തിപരമാണെന്നതു സങ്കടകരമാണ്. എല്ലാവരും എന്നെ പറയുന്നു. കേരളവും മോഹൻലാലും നേർക്കുനേർ എന്നമട്ടിൽ പ്രചാരണം നടക്കുന്നു. പറ്റില്ലെങ്കിൽ രാജിവയ്ക്കുമെന്നു സ്ഥാനം ഏറ്റെടുക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു.

അമ്മയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിനായി സെൽ വേണമെന്ന ആവശ്യം കോടതിയിൽ ഇപ്പോഴാണു വരുന്നത്. എന്നാൽ, നേരത്തേ തന്നെ ഇത്തരമൊരു സെൽ രൂപീകരിച്ചിരുന്നു. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് അംഗങ്ങൾ. ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അലൻസിയറോടു വിശദീകരണം ചോദിക്കും. അമ്മയിൽ അംഗമല്ലെങ്കിലും ദിവ്യയ്ക്കു പരാതി നൽകാം. മുകേഷിനെതിരെ പരാതിയില്ല, വേണ്ടത്ര തെളിവുകളുമില്ല. മീ ടൂ പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമാണ്. സംഘടനയ്ക്ക് ഔദ്യോഗിക വക്താവിനെ നിയമിക്കുമെന്നും മോഹൻലാൽ പറഞ്ഞു. തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നു സിദ്ദിഖും ജഗദീഷും വ്യക്തമാക്കി.