Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കൊടിപിടിച്ചു സമരം വേണ്ടെന്ന് രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ കൊടിപിടിച്ചുള്ള തീവ്രസമരം വേണ്ടെന്നു സംസ്ഥാന നേതൃത്വത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ശബരിമല, പാർട്ടി പുനഃസംഘടന എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രാദേശിക വികാരം കണക്കിലെടുത്തു സുപ്രീം കോടതി വിധിക്കെതിരെ നിലകൊള്ളാനുള്ള കെപിസിസി തീരുമാനത്തിനു രാഹുൽ പിന്തുണ അറിയിച്ചു.

ശബരിമല വിധി പുരോഗമനപരമാണെന്ന ഹൈക്കമാൻഡ് നിലപാട് തുടരുമ്പോഴും കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു വിശ്വാസികൾക്കൊപ്പം നിൽക്കുകയാണു സംസ്ഥാന നേതൃത്വം. അക്രമത്തിലേക്കു നീങ്ങുന്ന സമരങ്ങൾ പാടില്ലെന്നും പ്രതിഷേധ പരിപാടികൾ സമാധാനപരമായിരിക്കണമെന്നും രാഹുൽ നിർദേശിച്ചു. ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും നീക്കം ചെറുക്കാൻ ജാഗ്രത വേണം. പുനഃസംഘടനയുടെ ഭാഗമായി കെപിസിസി സമിതികൾ അഴിച്ചുപണിയും. ആൾക്കൂട്ട സമിതികൾ ഒഴിവാക്കും. ബൂത്ത്, മണ്ഡലം തലത്തിൽ ആദ്യ ഘട്ടത്തിൽ പുനഃസംഘടന നടത്തും.

രാഷ്ട്രീയകാര്യ സമിതി നാളെ

തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ വൈകിട്ട് ഏഴിനു ചേരും. ശബരിമലയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ പാർട്ടി നിലപാടു കൂടുതൽ വ്യക്തമാക്കാനുളള കൂടിയാലോചനകൾക്കായാണു സമിതി ചേരുന്നത്.