Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു; പ്രവർത്തകർ റോഡ് ഉപരോധിച്ചു

sobha-surendran-nilakkal-sabrimala-arrest നിലയ്ക്കലിൽ നിരോധനം ലംഘിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ വടശേരിക്കരയിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ.

റാന്നി ∙ നിരോധനം ലംഘിച്ച് നിലയ്ക്കലിൽ റോഡ് ഉപരോധത്തിനെത്തിയ ബിജെപി നേതാക്കളെ വടശേരിക്കരയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാത ഉപരോധിച്ചു. ഇന്നലെ രാവിലെ 8.45ന് ആയിരുന്നു നാടകീയ രംഗങ്ങൾ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, സെക്രട്ടറി രാജി പ്രസാദ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, ജനറൽ സെക്രട്ടറിമാരായ സിന്ധു രാജൻ, നിവേദിത എന്നിവരാണ് കെഎസ്ആർടിസി ബസിൽ നിലയ്ക്കലിലേക്കു പോകാനെത്തിയത്.

ഇവർ നിരോധനം ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നതിനാൽ പൊലീസ് കരുതലോടെയാണ് നിന്നത്. ബസ് തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബസിൽ നിന്നിറക്കിയ ഇവരെ വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു നീക്കുന്നതിനിടെ നേതാക്കൾ റോഡിൽ കുത്തിയിരുന്നു. പിന്നീട് വനിതാ പൊലീസെത്തി ഇവരെ കെട്ടിടത്തിലെത്തിക്കുകയായിരുന്നു. ‌

പിന്നീടാണ് റോഡ് ഉപരോധിച്ചത്. ഇതിനിടെ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കു പോകാനെത്തിയ വാഹനം നേതാക്കൾ ഇടപെട്ടു കടത്തിവിടാ‍ൻ ശ്രമിക്കുന്നതിനിടെ ഒരു പ്രവർത്തകനെ പൊലീസുകാരൻ തള്ളിയതു പ്രകോപനത്തിനിടയാക്കി.

ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

അമ്പലപ്പുഴ ∙ മന്ത്രി ജി. സുധാകരന്റെ കളർകോട്ടെ ഓഫിസിനു മുന്നിൽ കറുപ്പു വസ്ത്രവുമണിഞ്ഞു പ്രാര്‍ഥനാ യജ്ഞത്തിനെത്തിയ ബിജെപി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.  ശബരിമല യുവതീപ്രവേശ വിഷയത്തിൽ ഹിന്ദുമത ആചാരങ്ങളെയും വിശ്വാസികളെയും മന്ത്രി തുടര്‍ച്ചയായി ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.