Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക മലയാളികൾ കൈകോർത്താൽ നിഷ്പ്രയാസം നവകേരളം: മുഖ്യമന്ത്രി

pinarayi-abudhabi-rebuild-kerala അബുദാബി ഐഎസ്‌സിയിൽ നവ കേരള നിർമിതി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. എം.എ.യൂസഫലി, രമേഷ് പണിക്കർ എന്നിവർ സമീപം

അബുദാബി∙ പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ ലോകത്താകെയുള്ള മലയാളികൾ കൈകോർത്താൽ നിഷ്പ്രയാസം സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തെ അതിജീവിക്കാൻ വേണ്ടത്ര പണം കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നില്ല. വായ്പയെടുക്കാനും പരിമിതികളുണ്ട്. തന്റെ നാട് പ്രതിസന്ധിയിലാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണമെന്നും അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലെ പൊതു സമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിനു നേർക്ക് ആദ്യം സഹായഹസ്തം നീട്ടിയത് യുഎഇയാണ്. കേരളത്തിന്റെ നഷ്ടം തങ്ങളുടെ നഷ്ടമായാണ് ഈ രാജ്യം കാണുന്നത്. യുഎഇ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ മുഖ്യമന്ത്രി സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൌണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ചു. പുനർനിർമാണത്തിനായി സംസ്ഥാനം തയ്യാറാക്കിയ പദ്ധതി വിശദീകരിച്ചു.

സാധ്യമാകുന്ന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഷെയ്ഖ് നഹ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  ദുബായിൽ കഴിഞ്ഞ ദിവസം വ്യവസായ പ്രമുഖർ, സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്നു ഷാർജയിൽ നടക്കുന്ന ബിസിനസ് മീറ്റുകളിൽ പങ്കെടുക്കും. വൈകിട്ട് ഷാർജ ഷൂട്ടേഴ്സ് ക്ലബിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

അതിനിടെ, മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ലുലു ഗ്രൂപ്പിലെ മാനേജ്‌മെന്റ് ജീവനക്കാർ 10 കോടി രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാർ അറിയിച്ചു.
 

related stories