Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിൽ കല്ലേറ്,സംഘർഷം

nilakkal-vadaserrykkara-bjp നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെയും മഹിളാമോർച്ച നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വടശേരിക്കരയിൽ ബിജെപി പ്രവർത്തകർ മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാത ഉപരോധിച്ചപ്പോൾ.

ശബരിമല വിഷയത്തിൽ വ്യാഴാഴ്ച നടന്ന സംസ്ഥാന ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ അടക്കം വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. വിവിധ ജില്ലകളിൽ അക്രമസംഭവങ്ങളുണ്ടായി. കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർക്കും മിൽമ വാഹനത്തിന്റെ ഡ്രൈവർക്കും പരുക്കേറ്റു.

മലപ്പുറം ജില്ലയിൽ 24 സ്ഥലങ്ങളിൽ‌ അക്രമമുണ്ടായി. താനൂരിൽ എസ്‍ഡിപിഐ– ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തിച്ചാർജിൽ 6 പേർക്കു പരുക്കേറ്റു. തിരൂർ, എടപ്പാൾ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പെരിന്തൽമണ്ണയിൽ ഹർത്താൽ അനുകൂലികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കരയിൽ 25 പേർക്കെതിരെ കേസെടുത്തു.

കോഴിക്കോട്ട് കല്ലേറിൽ 6 കെഎസ്ആർടിസി ബസുകൾക്കും 3 ലോറികൾക്കും 2 കാറുകൾക്കും കേടുപറ്റി. മിൽമ ഡെയറിയിൽ നിന്നു രാമനാട്ടുകര ഡിപ്പോയിലേക്കു പോയ വിതരണ വാഹനത്തിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ പ്രിൻസിനു പരുക്കേറ്റു. വിവിധ സംഭവങ്ങളിൽ 15 കേസുകളെടുത്തുവെന്നു പൊലീസ് അറിയിച്ചു.  ആലപ്പുഴ ജില്ലയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി.

ഭരണിക്കാവിൽ മീൻവിൽപനക്കാരൻ ചുനക്കര കോമല്ലൂർ കാമറവടക്കതിൽ നാസറിനെ (42) മർദിച്ച സംഭവത്തിൽ 8 ബിജെപി–ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കരൂരിൽ കെഎസ്ആർടിസി കണ്ണൂർ – തിരുവനന്തപുരം സൂപ്പർ ഡീലക്സ് ബസിനു നേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവർ കണ്ണൂർ സ്വദേശി അംബുജാക്ഷനു (47) പരുക്കേറ്റു. ചെങ്ങന്നൂർ ഡിപ്പോയിലെ 8 ബസുകൾക്കു നേരെ കല്ലേറുണ്ടായി.

ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്ത് വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. പഴയ മൂന്നാറിൽ പ്രവർത്തിക്കുന്ന രാജമല പ്രവേശന ടിക്കറ്റ് കൗണ്ടർ അടപ്പിക്കാൻ ഹർത്താലനുകൂലികൾ എത്തിയെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു.

കോട്ടയം പള്ളിക്കത്തോട്ടിൽ ഹർത്താൽ അനുകൂലികളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. 3 ഡിവൈഎഫ്ഐ പ്രവർത്തർകർക്കു പരുക്കേറ്റു. കൊല്ലം ജില്ലയിൽ രണ്ടിടത്ത് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.