Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതികൾ നടപ്പന്തലോളം; മുൾമുനയിൽ സർക്കാർ

rehana-fathima-sabarimala ശബരിമല വലിയ നടപ്പന്തലിനു മുന്നിൽ പൊലീസിന്റെ സുരക്ഷാകവചവും ഹെൽമറ്റും ധരിച്ച് ഹൈദരാബാദിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതയും കൊച്ചി സ്വദേശിനി രഹന ഫാത്തിമയും. ചിത്രം: നിഖിൽരാജ്∙മനോരമ

പമ്പ / തിരുവനന്തപുരം ∙ ശബരിമല സന്നിധാനത്ത് ഇന്നലെ 2 യുവതികളെ എത്തിക്കാനുള്ള ശ്രമം പൊലീസ് അവസാനനിമിഷം ഉപേക്ഷിച്ചതു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർശനനിർദേശം നൽകിയതിനെത്തുടർന്ന്. ഹൈദരാബാദിൽനിന്നു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കാൽ, നടിയും കൊച്ചിയിലെ ബിഎസ്എൻഎൽ ജീവനക്കാരിയുമായ എ.എസ്.ഫാത്തിമ (രഹന ഫാത്തിമ) എന്നിവരെ എത്ര പ്രതിഷേധം ഉയർന്നാലും സന്നിധാനത്ത് എത്തിക്കാനായിരുന്നു പൊലീസിന്റെ നീക്കം.

വ്യാഴാഴ്ച രാത്രി പമ്പയിലെത്തിയ കവിത അപ്പോൾ തന്നെ മല കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിരാവിലെ പോകാമെന്നു പൊലീസ് പറഞ്ഞു ബോധ്യപ്പെടുത്തി. രഹന ഫാത്തിമ പമ്പയിലെത്തുന്നതിനു മുൻപു തന്നെ ജില്ലാ കലക്ടർ പി.ബി. നൂഹിനെ വിളിച്ച് സുരക്ഷ കിട്ടുമോ എന്നു ചോദിച്ചിരുന്നു. കോടതി വിധി പ്രകാരമുള്ള സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥമെന്നു കലക്ടറുടെ മറുപടി. നിലയ്ക്കലിൽ ക്യാംപ് ചെയ്യുന്ന എഡിജിപി അനിൽ കാന്തിനെ വിവരം അറിയിച്ചതായും അദ്ദേഹം പറയുന്നു.

രഹന ഫാത്തിമ വരും വഴി ഇലവുങ്കലിനടുത്തു ചിലർ കെഎസ്ആർടിസി ബസ് തടഞ്ഞു പരിശോധിച്ചെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല. ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന പങ്കാളി മനോജ് കെ. ശ്രീധർ പറയുന്നത്. 2 മക്കളും ഒപ്പമുണ്ടായിരുന്നു. രാത്രി 1.30നു പമ്പയിൽ ബസ് ഇറങ്ങിയ ഇവർ പൊലീസ് സ്റ്റേഷനിലാണു രാത്രി കഴിച്ചുകൂട്ടിയത്. എന്നിട്ടും വിവരം അപ്പോൾ അറിഞ്ഞിരുന്നില്ലെന്നും പുലർച്ചെ കവിതയെ മല കയറ്റാൻ തയാറെടുപ്പുകൾ നടത്തുമ്പോഴാണു രഹനയുടെ കാര്യം അറിഞ്ഞതെന്നും ഐജി എസ്. ശ്രീജിത്ത് പറയുന്നു.

പുലർച്ചെ ആറിനായിരുന്നു മലകയറ്റം. കവിതയ്ക്ക് പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകി; രഹനയ്ക്ക് ഹെൽമറ്റ് മാത്രവും. സുരക്ഷയ്ക്ക് 80 പൊലീസുകാരെയാണ് നിയോഗിച്ചത്– ഐജി, എസ്പി, 4 ഡിവൈഎസ്പിമാർ, 4 സിഐമാർ, കമാൻഡോകൾ, സായുധ സേനയിലെ പൊലീസുകാർ. ഇത്രത്തോളം ക്രമീകരണങ്ങൾ ഒരുക്കിയപ്പോഴും മന്ത്രിയോ ദേവസ്വം ബോർഡോ വിവരം അറിഞ്ഞിരുന്നില്ല.
ഇരുവരും ശബരീപീഠത്തിൽ എത്തിയപ്പോൾ വിവരമറിഞ്ഞ മന്ത്രി ഐജി ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും ആരും തടസ്സപ്പെടുത്തുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ നടപ്പന്തലോളമെത്തിയപ്പോൾ നേരിട്ടതു കനത്ത പ്രതിഷേധം.

ഇതിനിടെ, പന്തളം കൊട്ടാരത്തിൽ നിന്നു തന്ത്രി കണ്ഠര് രാജീവരെ ഫോണിൽ ബന്ധപ്പെട്ടു. ക്ഷേത്രം അടച്ചിടുന്നതു പോലും ആലോചിക്കേണ്ടിവരുമെന്നു തന്ത്രി ഐജിയെ അറിയിച്ചു. വിവരം ഐജി മന്ത്രിയെ അറിയിച്ചതോടെ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ അവരെ തിരികെക്കൊണ്ടുവരണമെന്നു മന്ത്രി വീണ്ടും നിർദേശിച്ചു.
ഇരുവരും പൊലിസ് സുരക്ഷയിൽ തിരിച്ചിറങ്ങുമ്പോഴാണ് 46 വയസ്സുള്ള കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിൽ‌നിന്നു വനിതാ ഗാർഡ് റൂം മറികടന്നു സന്നിധാനത്തേക്കു തിരിക്കാൻ ശ്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇവരെ അപ്പോൾ തന്നെ അവിടെ നിന്നു മാറ്റി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

യുവതികൾ നടപ്പന്തലിൽ എത്തുന്നതു വരെയുള്ള രണ്ടേകാൽ മണിക്കൂർ പ്രതിഷേധമില്ലായിരുന്നുവെന്നതു ചില അന്തർധാരകളുടെ സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം വ്യാപിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നു. സന്നിധാനത്തു രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.