Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം വാഗ്ദാനം ചെയ്ത് പ്ലസ് ടു വിദ്യാർഥികളെ പീഡിപ്പിച്ചു; അധ്യാപകനടക്കം 6 പേർ പിടിയിൽ

Child-Abuse

മലപ്പുറം ∙ ഹയർ സെക്കൻഡറി വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘം പൊലീസ് വലയിൽ. അധ്യാപകൻ ഉൾപ്പെടെ 6 പേർ പിടിയിലായി. 5 ആൺകുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തിലധികം പേർക്കെതിരെ ആകെ 13 കേസുകൾ റജിസ്റ്റർ ചെയ്തു. ഗുരുതര ലൈംഗിക കുറ്റകൃത്യത്തിനെതിരെയുള്ള പോക്സോ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ഒരു കേസിൽ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

ഫെയ്സ്ബുക് മെസഞ്ചർ വഴി കുട്ടികൾക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച 3 പ്രവാസികൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കൊണ്ടോട്ടി, മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സംഭവം. വിദ്യാർഥികളിലൊരാൾ വീട്ടിൽ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധിച്ച വീട്ടുകാരുടെ ജാഗ്രതയാണ് സംഭവം പുറത്തെത്തിച്ചത്. ലഹരിവിൽപന തടയുന്നതിന് നാട്ടുകാർ രൂപവൽക്കരിച്ച ജാഗ്രതാസമിതിയുടെ ഇടപെടലും നിർണായകമായി. അവർ നൽകിയ വിവരം അനുസരിച്ച് ചൈൽ‍ഡ്‌ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം തുറന്നുപറഞ്ഞത്.

പഠനത്തിൽ മികവുപുലർത്തിയിരുന്നവരാണ് മിക്കവരും. പ്രതികൾ മുങ്ങുമെന്നു സൂചനയുണ്ടായിരുന്നതിനാൽ ഒരാഴ്ചയെടുത്താണ് 6 പേരെ വലയിലാക്കിയത്. മുക്കം സ്വദേശി മോഹൻദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരെയാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്‌തു. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും വിവിധസ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നാണ് കുട്ടികളുടെ മൊഴി.

ചിലർക്ക് പീഡനത്തിനു മുൻപ് ലഹരിമരുന്ന് നൽകിയതായും ഒരു കുട്ടിയെ പത്തിലധികമാളുകൾ പീഡിപ്പിച്ചതായും വിവരമുണ്ട്. ബൈക്കിൽ, ലിഫ്റ്റ് നൽകിയ പരിചയം ദുരുപയോഗം ചെയ്താണ് ഒരാൾ പീഡിപ്പിച്ചതെന്നാണ് കുട്ടികളിലൊരാളുടെ മൊഴി.