Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരം ലംഘിക്കാനല്ല വന്നത്: ആന്ധ്ര യുവതികൾ

vasanthi ശബരിമല സന്നിധാന പാതയിൽ പ്രവേശിച്ച ആന്ധ്ര സ്വദേശിനികളായ വാസന്തിയും ആദിശേഷനും പ്രതിഷേധത്തെ തുടർന്ന് മടങ്ങുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

പമ്പ ∙ ആചാരം ലംഘിക്കാൻ എത്തിയതല്ലെന്നും പൊലീസ് തടയാത്തതിനാൽ മുന്നിലേക്കു നീങ്ങിയതാണെന്നും ശബരിമല ദർശനം നടത്താതെ മടങ്ങിയ ആന്ധ്ര യുവതികളായ വാസന്തിയും ആദി ശേഷനും. മുൻപും ശബരിമലയിൽ വന്നിട്ടുണ്ട്. പൊലീസ് ആദ്യമേ തടയുന്നതാണു പതിവ്. ഇത്തവണ അങ്ങനെ സംഭവിക്കാത്തതിനാൽ മുന്നോട്ടു നീങ്ങിയതാണെന്നും അവർ പറഞ്ഞു. 

രണ്ടു പേരും തീർഥാടക സംഘത്തോടൊപ്പം പമ്പയിൽനിന്നു മുന്നോട്ടു പോകുമ്പോഴാണു പ്രതിഷേധം ഉയർന്നത്. അയ്യപ്പ ഭക്തർ ശരണംവിളികളുമായി കൂടിയതു കണ്ട് അമ്പരന്ന യുവതികൾ കാര്യമറിയാതെ നിന്നു. പ്രതിഷേധക്കാരിൽ ചിലർ നിലത്തു കിടന്നതോടെ പൊലീസ് ഇരുവരെയും ഗാർഡ് റൂമിലേക്കു മാറ്റി. സംരക്ഷണം നൽകാമെന്ന് ഐജി എസ്.ശ്രീജിത്ത് അറിയിച്ചെങ്കിലും വേണ്ടെന്ന് എഴുതിനൽകിയ ശേഷം അവർ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെ വാഹനത്തിലേക്കു മടങ്ങി. 

അതേസമയം, യുവതീപ്രവേശത്തിനെതിരെ അഖില ഭാരത അയ്യപ്പ സേവാസംഘം, നാഷനൽ അയ്യപ്പ ഡിവോട്ടീസ് (വിമൻസ്) അസോസിയേഷൻ എന്നീ സംഘടനകൾ കൂടി ഇന്നു സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും. 

സ്ത്രീയെ ഒഴിവാക്കി ഡോളിക്കാർ 

പമ്പ∙ പ്രതിഷേധമുണ്ടാകുമെന്നു ഭയന്നു തമിഴ്നാട് സ്വദേശി ദേവമ്മയെ മലയകറ്റാൻ ഡോളിക്കാർ തയാറായില്ല. ഭർത്താവിനൊപ്പമെത്തിയ ഇവർക്കു കാഴ്ചയിൽ പ്രായം കുറവാണെന്നും മുകളിലേക്കു കൊണ്ടുപോയാൽ തടയുമെന്നും ഡോളി ചുമക്കുന്നവർ പറഞ്ഞു. 50 വയസ്സ് കഴിഞ്ഞെന്നും ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ദേവമ്മയും ഭർത്താവും പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ, പമ്പയിൽ ഗാർഡ് റൂമിനു സമീപം ദേവമ്മയെ ഇരുത്തിയ ശേഷം ഭർത്താവിനെ മാത്രം ഡോളിക്കാർ മല കയറ്റി. . 

4 യുവതികളെ ഏറ്റുമാനൂരിൽ തടഞ്ഞു 

ഏറ്റുമാനൂർ ∙ ആന്ധ്രയിൽനിന്നുള്ള തീർഥാടക സംഘത്തിലെ 4 യുവതികളെ പ്രധാന ഇടത്താവളമായ മഹാദേവക്ഷേത്ര പരിസരത്തു തടഞ്ഞു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. തുടർന്നു 4 പേരെയും ക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിൽ താമസിപ്പിച്ച ശേഷം കൂടെയുള്ളവർ ശബരിമലയിലേക്കു പോയി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.