Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ്: ഉത്തരേന്ത്യൻ സംഘം പിടിയിൽ

arrest-representational-image

ചാലക്കുടി ∙ ബാങ്കുകൾ കേന്ദ്രീകരിച്ച് ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിന്റെ തലവൻ ഉൾപ്പെടെ രണ്ടുപേർ കൊരട്ടി എടിഎം കവർച്ച അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഗുജറാത്ത് വൽസാഡ് സീട്ടിയനഗർ സ്വദേശിയും മോത്തിഹാരി ഡഗ് എന്നറിയപ്പെടുന്ന സംഘത്തിന്റെ തലവനുമായ ഉപേന്ദ്രനാഥ് ലല്ലു സിങ് (40), ബിഹാർ പൂർവ ചമ്പാരൻ ചോട്ടാ ബാരിയപൂർ അങ്കുർകുമാർ (28) എന്നിവരെയാണു ഡിവൈഎസ്പി സി.ആർ.സന്തോഷ് അറസ്റ്റ് ചെയ്തത്.

ഗുജറാത്തിലെ വൽസാദിൽ ബ്രോക്കറായി ജോലി ചെയ്തിരുന്ന ഉപേന്ദ്ര നാഥ് ലല്ലു സിങ് സംഘാംഗങ്ങളുമൊത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചു ബാങ്കുകളിലും മറ്റും ഇടപാടുകൾക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സമീപിച്ച് അവർ അടയ്ക്കുവാനായി കൊണ്ടുവരുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയിരുന്നത്. ഈ തുക കള്ളപ്പണമായതിനാലാണു കൂടുതൽ തുക നൽകുന്നതെന്നും ഇവർ വിശ്വസിപ്പിക്കും. നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഒറിജിനൽ നോട്ടുകൾ വച്ച ശേഷം ഇതേ അളവിലുള്ള കടലാസുകൾ നടുവിൽ വച്ചു റബർ ബാൻഡ് ഇട്ടു കെട്ടുകളാക്കി ഇടപാടുകാർക്കു കൈമാറി നിമിഷങ്ങൾക്കകം സ്ഥലം വിടുകയാണു പതിവ്.

പുണെയിൽ നിന്നു ഗോവയിലേക്കു വന്ന സംഘം അവിടെ തട്ടിപ്പു നടത്തുവാൻ ഒരുങ്ങി മൂന്നു ദിവസം താമസിച്ചെങ്കിലും നടന്നില്ല. പിന്നീടു കേരളത്തിലെത്തി തട്ടിപ്പു നടത്തുവാൻ തീരുമാനിച്ചു. മംഗലാപുരം വഴി കേരളത്തിൽ എത്തി. അടുത്തയിടെ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലായി നടന്ന എടിഎം കവർച്ചകളോടനുബന്ധിച്ചു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനിടെയാണു മോത്തിഹാരി ഡഗ് എന്നറിയപ്പെടുന്ന സംഘങ്ങൾ ദക്ഷിണേന്ത്യയിലേക്കു വന്നതായി വിവരം ലഭിച്ചത്.

പ്രത്യേക അന്വേഷണസംഘം നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണു വടകര പൊലീസിന്റെ സഹായത്തോടെ ചോമ്പാലയിൽനിന്ന് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ അങ്കമാലി പൊലീസിനു കൈമാറി. 2017ൽ അങ്കമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പണമടയ്ക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ സമാന രീതിയിൽ കബളിപ്പിച്ച് അര ലക്ഷം രൂപ കവർന്നതിന് ഇവർക്ക് എതിരെ അങ്കമാലിയിൽ കേസുണ്ട്. ഇതിൽ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.

ക്രൈം സ്ക്വാഡ് എസ്ഐ വി.എസ്.വത്സകുമാർ, കൊരട്ടി എസ്ഐ കെ.എസ്.സുബീഷ്മോൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മാടപ്പാട്ടിൽ, സി.എ.ജോബ്, റോയ് പൗലോസ്, ടി.ജി.മനോജ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ്, എം.ജെ.ബിനു, അങ്കമാലി ക്രൈം സ്ക്വാഡ് അംഗങ്ങളായ റോണി, ജിസ്മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

related stories