Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിതയുടെ പരാതി: ഉമ്മൻചാണ്ടിക്ക് എതിരെ കേസെടുത്തു

Oommen Chandy ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ സോളർ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.  ഉമ്മൻചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 

സോളർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു.  കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജ‍‍ഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു  ഇത്. 

ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ആര്യാടൻ മുഹമ്മദ് എന്നീ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നു സരിത പിന്നീടു മുഖ്യമന്ത്രിക്കു പരാതി നൽകി. ഈ പരാതിയിൽ കേസ് എടുക്കാൻ പൊലീസ് താൽപര്യമെടുത്തില്ല. ഒരു പരാതിയിൽ ഒട്ടേറെ പേർക്കെതിരെ ബലാൽസംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘ തലവനായിരുന്ന ഡിജിപി രാജേഷ് ദിവാൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്. 

എന്നാൽ ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കിൽ കേസെടുക്കാമെന്നു പൊലീസിന് അടുത്തിടെ നിയമോപദേശം ലഭിച്ചിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മ‍ൻചാണ്ടിക്കെതിരെയും ബലാൽസംഗത്തിനു കെ.സി.വേണുഗോപാലിന് എതിരെയുമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. മറ്റു നേതാക്കൾക്കെതിരെ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈകാതെ കേസ് എടുത്തേക്കുമെന്നറിയുന്നു.

related stories