Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷങ്ങൾക്കു പോകാൻ ആന ആരോഗ്യം തെളിയിക്കണം

elephant-1

കൊല്ലം ∙ ഈ ഉത്സവ സീസണിൽ ആഘോഷങ്ങൾക്ക് ഉപയോഗിക്കും മുൻപു സംസ്ഥാനത്തെ 40 വയസ്സ് കഴിഞ്ഞ നാട്ടാനകളെ വിശദ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ നിർദേശം. പരിശോധനയിൽ വിജയിക്കുന്ന ആനകളെ മാത്രമേ ഉത്സവങ്ങൾക്ക് ഉപയോഗിക്കാവൂ എന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ പറയുന്നു. പൊതുവായ ദേഹപരിശോധനയ്ക്കും കാഴ്ചശക്തി പരിശോധനയ്ക്കും പുറമെ അണുബാധയോ എരണ്ടകെട്ടോ ഉണ്ടോയെന്നും പരിശോധിക്കണം. രോഗപ്രതിരോധ കുത്തിവയ്പു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം. രക്തം, മൂത്രം എന്നിവ പരിശോധിച്ചു മറ്റ് ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.

 ഫോറസ്റ്റ് വെറ്ററിനറി സർജൻ, ജില്ലയിലെ അസി. വെറ്ററിനറി സർജൻ എന്നിവരിലൊരാൾക്കു പുറമെ ഒരു വെറ്ററിനറി സർജൻ കൂടി പരിശോധനയ്ക്കു നേതൃത്വം നൽകണം. ഇത് അസി. കൺസർവേറ്ററോ ഫോറസ്റ്റ് റേഞ്ചറോ സാക്ഷ്യപ്പെടുത്തണം. പാപ്പാനെ സംബന്ധിച്ച വിവരങ്ങളും പരിശോധനയുടെ ഭാഗമായി ശേഖരിക്കണം. പാപ്പാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട്, ആന ഇദ്ദേഹത്തെ അനുസരിക്കാറുണ്ടോ, ഇദ്ദേഹത്തിന്റെ സേവനത്തിനിടെ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടോ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും വേണം. 

ഉടമസ്ഥത, മൈക്രോചിപ്പ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും ആനകളെ സംബന്ധിച്ച ഡേറ്റ ബുക്ക്, ലാബ് റിപ്പോർട്ടുകൾ എന്നിവയും പരിശോധിച്ചു വേണം വെറ്ററിനറി സർജൻമാർ റിപ്പോർട്ട് തയാറാക്കാൻ. ആരോഗ്യശേഷി ഇല്ലാത്ത ആനകളെ ആഘോഷങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇതു സംബന്ധിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറെ അറിയിക്കണം. അടുത്ത ഒരു മാസത്തിനകം ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. 

ഈ വർഷം ജൂലൈ വരെ 20 നാട്ടാനകൾ സാധാരണ ആയുസ് പൂർത്തിയാകും മുൻപു ചരിഞ്ഞെന്നും അധികജോലിയും തീറ്റയുടെയും വിശ്രമത്തിന്റെയും കുറവുമാണു കാരണമെന്നും വിദഗ്ധ റിപ്പോർട്ട് ഉണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.