Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാരുടെ യാത്ര: കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നു പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ധനസമാഹരണത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെ ശബ്ദം ഉയർത്താൻ ജനാധിപത്യ വിശ്വാസികൾ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ഈ സമീപനത്തെ മാധ്യമങ്ങൾ തുറന്നു കാട്ടണം. കേരളത്തിന്റെ പുനർ നിർമാണത്തിനു വിദേശ രാജ്യങ്ങൾ സഹായം നൽകാൻ തയാറാകുമ്പോൾ മുട്ടാപ്പോക്കു നിലപാടിലൂടെ അതിനെ തകർക്കുന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നത്.

മന്ത്രിമാരുടെ വിദേശയാത്ര പണം യാചിക്കാനായിരുന്നില്ല. നമ്മുടെ സഹോദരങ്ങളെ കാണാനായിരുന്നു. എല്ലാവരേയും കണ്ടിരുന്നെങ്കിൽ നല്ല സഹായം ലഭിക്കുമായിരുന്നു. മന്ത്രിമാർ യാചിക്കാൻ പോകുന്നുവെന്നാണു ബിജെപി നേതാവ് പറഞ്ഞത്. മുഖ്യമന്ത്രിക്കു പോകാൻ അനുമതി ലഭിച്ചതോടെ എല്ലാ മന്ത്രിമാർക്കും ലഭിക്കുമെന്നു കരുതി. അനുമതി ലഭിക്കാതായതോടെ ചീഫ്സെക്രട്ടറി കേന്ദ്ര ഉദ്യോഗസ്ഥരെ വിളിച്ചു. ആദ്യം മറുപടി പറഞ്ഞവർ പിന്നീട് ഫോൺ എടുക്കാതായി. ഒടുവിൽ അനുമതിയില്ലെന്ന സന്ദേശം വന്നു.

ഇനി മുഖ്യമന്ത്രി സംസാരിച്ചാലും പ്രയോജനമില്ലെന്ന പ്രതികരണമാണ് അവിടെ നിന്നുണ്ടായത്. പൂജ അവധി ദിവസങ്ങളായതിനാൽ മന്ത്രിമാർ ഒരുമിച്ചു വിദേശത്തു പോയാലും ഒന്നും സംഭവിക്കില്ലായിരുന്നു. ഗൾഫ് നാടുകളിൽ അവധിയായ വ്യാഴം, വെള്ളി ദിവസങ്ങളിലാണു സന്ദർശനം നിശ്ചയിച്ചിരുന്നത്. മറ്റുരാജ്യങ്ങളും സഹായം നൽകാൻ സന്നദ്ധരായിരുന്നു. സ്വീകരിച്ചിരുന്നെങ്കിൽ വലിയതുക പുനർനിർമാണത്തിനു ലഭിക്കുമായിരുന്നു.

കേരളത്തിലെ ബിജെപി നേതാക്കൾ സംസ്ഥാനത്തിനു സഹായം നൽകരുതെന്ന നിലപാടാണു സ്വീകരിച്ചത്. ഇന്നത്തെ കേരളത്തിന്റെ വളർച്ചയിൽ ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ല. കേരള ചരിത്രം പരിശോധിച്ചാൽ അതു മനസിലാകും. പകരം നാടിനെ തകർക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ഇതൊരു വെല്ലുവിളിയാണ്. നമുക്കു നാടിനെ പുനർനിർമിച്ചേ മതിയാവൂ. അതിനുള്ള പിന്തുണ എല്ലാവരിൽ നിന്നും ഉണ്ടാകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.

related stories