Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ സമ്പർക്ക പദ്ധതി ‘ശക്തി’ക്കു കേരളത്തിൽ തുടക്കം

Indian National Congress

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എഐസിസി ആവിഷ്കരിച്ച ‘ശക്തി’ പദ്ധതിക്കു കേരളത്തിലെ കോൺഗ്രസിലും തുടക്കം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്കു ബൂത്തുതല പ്രവർത്തകരുമായി വരെ നേരിട്ട് ആശയവിനിമയം സാധിക്കുന്ന സമ്പർക്കപദ്ധതിയാണു ‘ശക്തി’.

ബ്ലോക്ക് പ്രസിഡന്റുമാർ തൊട്ടു മുകളിലേക്കുള്ള പാർട്ടി ഭാരവാഹികൾ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘ശക്തി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തകരെയും എഐസിസി നേതൃത്വത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കർമപരിപാടിക്കു മികച്ച പ്രതികരണമാണു വിവിധ സംസ്ഥാനങ്ങളിൽ ലഭിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ജനകീയാടിത്തറ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാനും സാങ്കേതിക വിദ്യയുടെ സഹായമടക്കം തേടിക്കൊണ്ടു വിപുലമായ പരിപാടികളാണു ഹൈക്കമാൻഡ് ആവിഷ്കരിച്ചിരിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

‘ശക്തി’ക്ക് ആന്ധ്രയിലെ മികച്ച തുടക്കത്തെക്കുറിച്ച് ആ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വിശദീകരിച്ചു. 2400 പ്രവർത്തകരുമായി ബന്ധിപ്പിക്കുകയാണ് ആദ്യം അവിടെ ചെയ്തത്. അവരുമായി ആശയവിനിമയം നടത്താനും സാധിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ വികാരം കേരളത്തിലുളളതിനാൽ യുഡിഎഫിന് അനുകൂല രാഷ്ട്രീയാന്തരീക്ഷമാണുള്ളതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജൻ, എം.എം. ഹസൻ, വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ‘ശക്തി’ സെല്ലിന്റെ ചുമതലയുള്ള പ്രവീൺ ചക്രവർത്തി പരിശീലനത്തിനു നേതൃത്വം നൽകി.

രാഹുലുമായി ആശയവിനിമയം നേരിട്ട്

8748 974000 എന്ന നമ്പറിലേക്ക് വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പർ എസ്എംഎസ് ചെയ്തു കൊണ്ടാണു കോൺഗ്രസ് ഭാരവാഹികൾ ‘ശക്തി’യുടെ ഭാഗമാകുന്നത്. അതുവഴി പ്രവർത്തകൻ ദേശീയ പ്രവർത്തക ശൃംഖലയുടെ ഭാഗമാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു താഴേത്തട്ടിലുള്ള പ്രവർത്തകരുമായി വരെ നേരിട്ട് ആശയവിനിമയം നടത്താൻ ഇതുവഴി സാധിക്കും.

ചില സംസ്ഥാനങ്ങളിൽ രാഹുൽ ഇതിനകം ഇപ്രകാരം പ്രവർത്തകരുമായി സംസാരിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങൾ നേരിട്ടു ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ലോക് സമ്പർക്ക് അഭിയാൻ പദ്ധതി’ക്കും കേരളത്തിൽ തുടക്കമായി. ഒരു ബൂത്തിൽ പത്തു കോ ഓർഡിനേറ്റർമാരെ വീതം തിരഞ്ഞെടുത്ത് ഒരാൾക്ക് 25 വീടിന്റെ ചുമതല ഈ പദ്ധതിപ്രകാരം കൈമാറും.