Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനെ വർഗീയവൽകരിക്കാൻ സംഘപരിവാർ ശ്രമം: മുഖ്യമന്ത്രി

sabarimala-protest-police

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ പൊലീസിനെ വർഗീയവൽക്കരിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിലെ വിശ്വാസികൾ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. പൊലീസിലെ അച്ചടക്കം തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുളള നീക്കമാണിത്. വിശ്വാസിയായ പൊലീസ് ഓഫിസർ ദർശനത്തിനെത്തിയപ്പോൾ എടുത്ത ചിത്രം ദുർവ്യാഖ്യാനം ചെയ്യുന്ന നടപടിയുമുണ്ടായി. വിശ്വാസികളെ അപമാനിക്കുന്ന നടപടിയാണിത്.

ജാതിയും മതവും നോക്കി പൊലീസിനെ ക്രമസമാധാനപാലനത്തിന് അയയ്ക്കാനാവില്ല. പൊലീസ് സേനയുടെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനുള്ള ശ്രമമാണു നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണം. ശബരിമലയിലെത്തിയ സ്ത്രീകൾക്കു കല്ലേറും മാനസിക പീഡനവും തെറിയഭിഷേകവും നേരിടേണ്ടിവന്നു. അവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. അവർക്കു സംരക്ഷണം നൽകും.

ഇതൊന്നും ചെയ്തത് അയ്യപ്പ ഭക്തരല്ല. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ വിവരങ്ങൾ മനസ്സിലാക്കി വീടാക്രമിക്കാനുളള പദ്ധതി സംഘപരിവാർ തയാറാക്കിയിരുന്നു. അയ്യപ്പ ഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്കു വരണമെന്ന് അണികൾക്കു നിർദേശം കൊടുക്കുന്ന സംഘപരിവാറിന്റെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ആർഎസ്എസാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്. പത്തിനും 50നും ഇടയ്ക്കു പ്രായമുളള വനിതകളെ തടയുമെന്നാണ് ഇവർ പ്രഖ്യാപിച്ചതെങ്കിലും അല്ലാത്തവരെയും തടഞ്ഞു.

ആന്ധ്രയിൽനിന്നും കർണാടകയിൽനിന്നും വന്ന ഭക്തകൾ കണ്ണീരോടെ മടങ്ങി. ശബരിമല അവലോകനയോഗത്തിനെത്തിയ വനിതകളെ സമരക്കാരും ദേവസ്വം ബോർഡ് ജീവനക്കാരും പരിശോധിച്ചു. ഇക്കാര്യം ബോർഡ് ഗൗരവത്തോടെ കണ്ട് ആവശ്യമായ ഇടപെടൽ നടത്തുമെന്നു കരുതുന്നു. ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണു ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. ബിജെപിയുടെ അജൻഡയുമായി ചേർന്നു പ്രവർത്തിച്ചാൽ കോൺഗ്രസ് തകരുമെന്നും പിണറായി പറഞ്ഞു.