Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവാലയം അശുദ്ധമാക്കാൻ അവകാശമില്ല: സ്മൃതി ഇറാനി

Smriti Irani

മുംബൈ∙ പ്രാർഥിക്കാനുള്ള അവകാശത്തിന് അശുദ്ധമാക്കാനുള്ള അവകാശമെന്ന അർഥമില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമല യുവതീപ്രവേശ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. ‘സുപ്രീംകോടതി വിധിയെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. എന്നാൽ, ഇക്കാര്യത്തിൽ സാമാന്യബുദ്ധി മതി. ആർത്തവരക്തത്തിൽ കുതിർന്ന നാപ്കിനുമായി നിങ്ങൾ ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമോ? ഇല്ലല്ലോ? ദൈവം വസിക്കുന്ന ഇടത്തേക്കു കടന്നുചെല്ലുമ്പോൾ ഇതു ചെയ്യുന്നത് അനാദരവായി നിങ്ങൾക്കു തോന്നുന്നില്ലേ? ഇതാണു വ്യത്യാസം.

എനിക്കു പ്രാർഥിക്കാനുള്ള അവകാശമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ അവകാശമില്ല. ഈ വ്യത്യാസം നാം മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യണം-ബ്രിട്ടിഷ് ഹൈക്കമ്മിഷനും ഒബ്‌സേർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച യങ് തിങ്കേഴ്‌സ് കോൺഫറൻസിൽ സ്മൃതി പറഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നതിനെ തുടർന്നു തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വാദവുമായി സ്മൃതി പിന്നീടു രംഗത്തെത്തി. കോൺഫറൻസിൽ സംസാരിച്ചതിന്റെ വിഡിയോയുടെ ലിങ്കും ട്വീറ്റ് ചെയ്തു.