Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധി: വ്യാജ ആപ്പിലൂടെ പണം തട്ടുന്നു

mutual-fund

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന പേരിൽ പണം വാങ്ങിയ ശേഷം ധന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഒപ്പുള്ള വ്യാജ രസീത് നിർമിച്ചു നൽകുന്ന സംഘം ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്നതായി സർക്കാരിനു വിവരം ലഭിച്ചു. 

സർക്കാരിന്റേതെന്നു തോന്നിപ്പിക്കുന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ധന പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയുടേതെന്ന പേരിൽ രസീത് ജനറേറ്റ് ചെയ്തു നൽകിയത്. 

കൊൽക്കത്ത കേന്ദ്രീകരിച്ച് സ്കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് സ്വരൂപിച്ച പണം നേരിട്ടു കൈപ്പറ്റിയ ശേഷം ഓൺലൈനായി കേരളത്തിലേക്ക് അയയ്ക്കുമെന്ന വ്യാജേനയാണ് ഇവർ സമീപിക്കുന്നത്. അധികൃതരുടെ മുന്നിൽ വച്ച് പേരും മറ്റും വിവരങ്ങളും ആപ്പിൽ നൽകുകയാണ് അടുത്ത പടി. ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈനായി പണം അടച്ചവർക്ക് ധനവകുപ്പ് നൽകുന്ന ഓൺലൈൻ രസീതിന്റെ വ്യാജപതിപ്പാണ് ഈ മൊബൈൽ ആപ്ലിക്കേഷനിൽ ജനറേറ്റ് ചെയ്യുന്നത്. 

വ്യാജ ഇമെയിൽ വിലാസത്തിൽ നിന്നാണ് രസീത് അയച്ചുകൊടുക്കുന്നത്. രസീത് ലഭിക്കുന്നതിനാൽ ആർക്കും തട്ടിപ്പ് മനസിലാകുകയുമില്ല. കൊൽക്കത്തയിലെ ചില മലയാളികളാണ് ധനവകുപ്പിനെ ഇക്കാര്യം അറിയിച്ചത്. വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നു ചൂണ്ടിക്കാട്ടി കൊൽക്കത്തയിലെ ചില പ്രാദേശിക മാധ്യമങ്ങളിൽ മലയാളികൾ ഇടപെട്ട് വാർത്തയും നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

related stories