Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിന് അതിവേഗം; ശമ്പള പരിഷ്കരണ കുടിശികയ്ക്ക് ‘കാത്തിരിപ്പ്’

Salary-Challenge-1

ആലപ്പുഴ ∙ സാലറി ചാലഞ്ച് ഏറ്റെടുത്ത ശേഷം ശമ്പള പരിഷ്കരണ കുടിശികയുടെ നാലാം ഗഡുവിനു ബിൽ നൽകിയ സർക്കാർ ജീവനക്കാർ വെട്ടിൽ; 2 ദിവസമായി നൽകുന്ന ബില്ലുകൾ ‘കാത്തിരിപ്പു’ തുടരുന്നു. ബില്ലുകൾ സ്പാർക്ക് വഴി സ്വീകരിക്കുന്നില്ല. ഈ ദിവസങ്ങളിൽ വളരെ കുറച്ചു പേരുടെ ബില്ലുകൾ മാത്രമാണു സ്വീകരിച്ചത്. മറ്റ് ഓപ്ഷനുകൾ വഴി ദുരിതാശ്വാസത്തിനു ശമ്പളം നൽകിയവർക്കു നാലാം ഗഡു കുടിശിക പണമായി കിട്ടുമെന്നായിരുന്നു അറിയിപ്പ്.

ഇതനുസരിച്ചു ബിൽ സമർപ്പിച്ചവരാണു കുടുങ്ങിയത്. ആർജിതാവധി സറണ്ടർ ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു നൽകിയവർ ശമ്പള പരിഷ്കരണ കുടിശികയുടെ നാലാം ഗഡു കയ്യിൽ കിട്ടുമെന്ന ആശ്വാസത്തിലായിരുന്നു. ഇത്തരം കുടിശിക പിഎഫിൽ ചേർക്കുകയാണു സാധാരണ ചെയ്യാറുള്ളത്. ഇത്തവണ പ്രളയവും സാലറി ചാലഞ്ചും പരിഗണിച്ചാണു പണമായി നൽകുമെന്ന് സർക്കാർ അറിയിച്ചത്.

ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്കു പണം നൽകുന്ന സമയത്ത് വേഗത്തിൽ പണം സ്വീകരിച്ചിരുന്നെന്നു ജീവനക്കാർ പറയുന്നു. എന്നാൽ, പണം ഇങ്ങോട്ടു കിട്ടേണ്ട കാര്യത്തിൽ ‘കാത്തിരിക്കാ’നാണ് സ്പാർക്കിന്റെ അറിയിപ്പ്. സ്പാർക്ക് സോഫ്റ്റ്‌വെയറിലെ മറ്റു പ്രവർത്തനങ്ങൾക്കു തടസ്സമില്ലെന്നും കിട്ടാനുള്ള പണത്തിനു ബിൽ നൽകുന്നതിൽ മാത്രമാണു തടസ്സമെന്നും ജീവനക്കാർ പറയുന്നു. ഈ മാസം ഒന്നു മുതലാണു നാലാം ഗഡു തുകയ്ക്കു ബിൽ നൽകാനുള്ള അവസരം.