Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎം കവർച്ച: 82 പേരുടെ പട്ടിക തയാർ; പൊലീസ് ഉത്തരേന്ത്യയിൽ

atm-theft-video

കോട്ടയം ∙ എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഘത്തിന്റെ വിവരങ്ങൾ തേടി അന്വേഷണ സംഘം ഉത്തരേന്ത്യയിലെ കവർച്ചാ സംഘങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളിൽ എത്തി. എടിഎം തകർക്കുന്നതിൽ വിദഗ്ധരായ 82 പേരുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ഇവരെല്ലാം ഛത്തീസ്ഗഡിലെ സാഹിബ്ഗഞ്ചിൽ നിന്നുള്ളവരാണ്. കവർച്ച നടന്ന സ്ഥലങ്ങളിലെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസിനും അയച്ചു കൊടുത്തു.

തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലെ പെട്രോൾ പമ്പുകൾ, കടകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കവർച്ച നടത്തിയ സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചു. കോട്ടയം മണിപ്പുഴയിൽ നിന്നു മോഷ്ടിച്ച പിക് അപ് വാനിൽ ഡീസൽ നിറച്ച പെട്രോൾ പമ്പും പൊലീസ് കണ്ടെത്തി. പമ്പിലെ സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യത്തിൽ പിക് അപ് വാനിന്റെ കാരിയർ ഭാഗത്ത് എടിഎം മെഷീൻ മുറിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറുകളും കാണാം.

രണ്ടു വാഹനങ്ങളിൽ ആറോ ഏഴോ പേരുടെ സംഘങ്ങളായാണു കവർച്ച നടത്തിയതെന്നു പൊലീസ് കരുതുന്നു. ഇതിൽ പിക് അപ് വാനിൽ സഞ്ചരിച്ച മൂന്നു പേരുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇവരിൽ ഒരാൾ വാൻ ഡ്രൈവറാണ്. എടിഎമ്മുകളിലെ ക്യാമറ സ്പ്രേ പെയിന്റ് കൊണ്ടു മറച്ചത് രണ്ടാമനാണ്. മൂന്നാമൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു പണം എടുത്തു. മറ്റൊരു വാഹനത്തിൽ ഈ സംഘത്തെ പിന്തുടർന്നവരാണു മോഷണത്തിനു പറ്റുന്ന റൂട്ടും എടിഎമ്മുകളും കണ്ടെത്തിയത്.

മോഷണം നടത്തിയ ശേഷം പിക് അപ് വാൻ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. എംസി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ ഒഴിവാക്കി കോട്ടയം, എറണാകുളം ജില്ലകളിലെ ഗ്രാമീണ റോഡുകളിലൂടെയാണു സംഘം സഞ്ചരിച്ചതെന്നും പൊലീസ് കണ്ടെത്തി. കേരളത്തിലെ റോഡുകൾ നന്നായി അറിയുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കരുതുന്നു. മോഷണത്തിനു ദിവസങ്ങൾ മുമ്പ് ഇതേ റൂട്ടിൽ സഞ്ചരിച്ച് എടിഎമ്മുകളും മറ്റും കണ്ടു വച്ചു.

trichur-atm-theft

കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം

തൃശൂർ ∙ കിഴക്കുംപാട്ടുകരയിൽ കാനറ ബാങ്കിന്റെ എടിഎം കൗണ്ടർ കമ്പിപ്പാര ഉപയോഗിച്ചു തകർക്കാൻ ശ്രമം. മെഷീന്റെ പുറംപാളി കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലെ ലോഹാവരണം തകർക്കാനായില്ല. മുഖം പൂർണമായി മറച്ച നിലയിൽ മോഷ്ടാവ് നടത്തുന്ന പരാക്രമങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊരട്ട‍ിയിൽ എടിഎമ്മിൽനിന്നു 10 ലക്ഷം രൂപ കവർന്ന സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപേയാണു തൃശൂർ നഗരത്തിലും എടിഎം കവർച്ചാശ്രമം.