Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മരണവിവരം അറിയിക്കുന്നത് ഇങ്ങനെയോ?’

fr-kuriakose

ആലപ്പുഴ∙ ഫാ. കുര്യാക്കോസിന്റെ മരണം തങ്ങളെ അറിയിച്ച വൈദികൻ, സഹോദരനോടു പറയേണ്ട രീതിയിലല്ല സംസാരിച്ചതെന്ന് അനുജൻ ജോസ് കാട്ടുതറ. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണു മരണം അറിയിച്ചത്. ‘കുര്യാക്കോസ് അച്ചൻ മരിച്ചു, കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം’ എന്നു മാത്രമാണു പറഞ്ഞത്. ബന്ധുക്കൾ ജലന്തറിൽ എത്തുംമുൻപു പോസ്റ്റ്മോർട്ടത്തിനു ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിൽ വലിയ ചതിയുണ്ട്. 

‌ആദ്യകാലത്തു കന്യാസ്ത്രീകളെ ജലന്തറിൽ കൊണ്ടുപോയത് അദ്ദേഹമാണ്. അതിനാൽ കന്യാസ്ത്രീകൾ പരാതികൾ പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം പക ചിലർക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു. രണ്ടു മൂന്നു വർഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. വീടിനു നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാർ അച്ചന്റേതെന്നു കരുതി തകർത്തുവെന്നും ജോസ് പറഞ്ഞു.

ആരോപണങ്ങൾ നിഷേധിച്ച് രൂപത

ജലന്തർ ∙ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെക്കുറിച്ചുയർന്ന ആരോപണങ്ങൾ രൂപതാധികൃതർ നിഷേധിച്ചു.  ഞങ്ങൾ ശത്രുക്കളല്ലെന്നും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും രൂപതാ ചുമതലയിലുള്ള വൈദികരിൽ ഒരാൾ പ്രതികരിച്ചു. ബന്ധുക്കളുമായി ആലോചിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും രൂപത അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് ആഗ്‌നെലോ ഗ്രേഷ്യസ് എന്നിവർ ഫാ. കുര്യാക്കോസിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു. 

ജാമ്യം റദ്ദാക്കാൻ അപേക്ഷ തൽക്കാലമില്ല: ഡിവൈഎസ്പി

കോട്ടയം∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനക്കേസും വൈദികന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു കണ്ടെത്തിയാൽ ബിഷപ്പിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്ന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് പറഞ്ഞു.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനക്കേസിൽ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൊഴി ജലന്തറിൽ വച്ച് അന്വേഷണ സംഘം എടുത്തിരുന്നു. കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിക്കുന്നതായി കേട്ടറിവുണ്ടെന്നായിരുന്നു മൊഴി.  എന്നാൽ ആരാണു പറഞ്ഞതെന്ന് ഓർമയില്ലെന്നു പറഞ്ഞു. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ആരംഭിച്ച ‘ബിഷപ്പിനൊപ്പം ഒരു ദിവസം’ എന്ന പരിപാടിയെ കുറിച്ചു പല കന്യാസ്ത്രീകളും പരാതി പറയാറുണ്ടെന്നു വൈദികൻ പൊലീസിനെ അറിയിച്ചിരുന്നു. 

പരാതി ജലന്തർ പൊലീസിന്  അയച്ചു: എസ്പി 

ആലപ്പുഴ∙ ഫാ. കുര്യാക്കോസിന്റെ മരണം സംബന്ധിച്ചു സഹോദരന്റെ പരാതി ജലന്തർ പൊലീസ് കമ്മിഷണർക്കും പൊലീസ് സ്റ്റേഷനിലേക്കും ഇ മെയിലായി അയച്ചെന്നു ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. സംഭവം നടന്നതും കേസും ജലന്തറിലാണ്. അതിനാൽ ഇവിടെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. 

related stories