Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വീടുകളുടെ പുനർനിർമാണത്തിന് 1000 കോടി

rebuild-kerala

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സമീപകാലത്തെ പ്രളയമുൾപ്പെടെ പ്രകൃതി ദുരന്തങ്ങളിൽ വീടു തകർന്നവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനു മുകളിലും നാശമുണ്ടായ വീടുകളെ പൂർണമായി തകർന്നവയായി കണക്കാക്കും. ഭാഗികമായി തകർന്ന വീടുകളെ നാലു വിഭാഗങ്ങളായി തിരിച്ചു നഷ്ടപരിഹാരത്തുക ഉയർത്തി. 10,000 രൂപ മുതൽ രണ്ടര ലക്ഷംവരെ നഷ്ടപരിഹാരം ലഭിക്കും. 15% നാശമുണ്ടായ വീടുകൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10,000 രൂപ നൽകും. നിലവിൽ 4,800 രൂപയായിരുന്നു.

നഷ്ടപരിഹാര വിതരണ ഉദ്ഘാടനം ജില്ലാതലത്തിൽ മന്ത്രിമാർ നിർവഹിക്കും. പൂർണമായി തകർന്ന വീടുകൾക്കു കേന്ദ്ര മാനദണ്ഡം അനുസരിച്ചു മലയോരപ്രദേശങ്ങളിൽ 1,01,900 രൂപയും സമതലങ്ങളിൽ 95,100 രൂപയുമാണു നൽകുന്നത്. എന്നാൽ മേഖലാ വ്യത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതം കൂടി ചേർത്ത് ഓരോ വീടിനും നാലു ലക്ഷം വീതം നൽകാനാണു തീരുമാനം.

കേന്ദ്ര ദുരന്തനിവാരണ നിധിയിൽ നിന്നുളള തുകയ്ക്കു പുറമെ മലയോര മേഖലയിൽ 2,98,100 രൂപയും സമതല പ്രദേശത്ത്് 3,04,900 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചാണു നാലു ലക്ഷം തികയ്ക്കുന്നത്. കേന്ദ്ര ദുരന്തനിവാരണനിധിയിൽ നിന്നു 450 കോടി രൂപ മാത്രമാണു നഷ്ടപരിഹാരമായി നൽകുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്താണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കൂടുതൽ തുക അനുവദിക്കുന്നത്.

സ്വന്തമായി വീടു നിർമിക്കുന്നവർക്കാണു നാലു ലക്ഷം രൂപ നൽകുക. ദുരന്തവ്യാപ്തി കണക്കാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗത്തെയാണു ചുമതലപ്പെടുത്തിയത്. ഇവരുടെ റിപ്പോർട്ട് പൂർത്തിയായിട്ടില്ല.

തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം

16-29% നഷ്ടം- 60,000 രൂപ

30-59% നഷ്ടം- 1.25 ലക്ഷം

60-74% നഷ്ടം- 2.50 ലക്ഷം

75 ശതമാനത്തിനു മുകളിൽ നാലു ലക്ഷം.