Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിഷയത്തിൽ അനുരഞ്ജനമില്ല; രണ്ടും കൽപിച്ച് പിണറായി

PTI9_21_2017_000195B

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ മുട്ടുമടക്കാനോ അനുരഞ്ജനത്തിനു മുൻകൈയെടുക്കാനോ ഇനി സംസ്ഥാന സർക്കാരില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശം. ബന്ധപ്പെട്ടവരുമായി ചർച്ചയാകാമെന്ന മുൻസമീപനം സർക്കാരും മുഖ്യമന്ത്രിയും വേണ്ടെന്നു വച്ചിരിക്കുന്നു. 

സമീപനം മാറിയതിനു വ്യക്തമായ തെളിവാണ് എൽഡിഎഫിന്റെ രണ്ടു രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രസംഗം. തിരുവനന്തപുരത്ത് 16 നു നടന്ന ആദ്യയോഗത്തിൽ വിധിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുമ്പോൾ തന്നെ ചർച്ചയ്ക്കുള്ള വാതിലും അദ്ദേഹം തുറന്നിട്ടിരുന്നു. എന്നാൽ ഇന്നലെ പത്തനംതിട്ടയിലെ പ്രസംഗത്തിൽ, ആരുമായാണോ ചർച്ച നടത്തേണ്ടിയിരുന്നത് അവർക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ചൊരിഞ്ഞു. പന്തളം കൊട്ടാരത്തിനും താഴമൺ തന്ത്രി കുടുംബത്തിനും ശബരിമലയിലുളള അധികാരാവകാശങ്ങൾ തന്നെ ചോദ്യം ചെയ്തു. 

ഈ രണ്ടു യോഗങ്ങൾക്കുമിടയിൽ ശബരിമലയിൽ നടന്ന സംഭവവികാസങ്ങളാണു സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. ശബരിമലയിൽ യുവതികൾ വന്നാൽ ദർശനത്തിനു സുരക്ഷ ഒരുക്കണമെന്ന നിർദേശമാണു സർക്കാർ പൊലീസിനു നൽകിയത്. എന്നാൽ അങ്ങനെ സംഭവിച്ചാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് ഒട്ടും പ്രതീക്ഷിച്ചില്ല. പരികർമികൾ തന്നെ സമരത്തിനിറങ്ങിയതോടെ യുവതീപ്രവേശം അസാധ്യമെന്നു തിരിച്ചറിഞ്ഞു. 

യുവതീപ്രവേശവുമായി നാളെ സർക്കാർ മുന്നോട്ടു നീങ്ങിയാൽ ഇതേ പ്രതിസന്ധി നേരിടാം അതുകൊണ്ടു തന്നെയാണ് അവർ ദേവസ്വം ബോർഡിന്റെ ജീവനക്കാർ മാത്രമാണെന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞത്, പന്തളം കൊട്ടാരത്തിനു വൈകാരിക ബന്ധം മാത്രമേയുള്ളൂവെന്നു സ്ഥാപിക്കാൻ മുതിർന്നത്. ഇതോടെ ചർച്ചയ്ക്കുള്ള എല്ലാ വഴിയും അടഞ്ഞു. 

വിധി വന്നയുടൻ തങ്ങളെയൊന്നും വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്നതിലേക്കു സർക്കാർ നീങ്ങിയതാണു തന്ത്രികുടുംബത്തെയും കൊട്ടാരത്തെയും ചർച്ചയിൽ നിന്നകറ്റിയത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിക്കുന്ന പി.ജി. ശശികുമാരവർമ നേരത്തെ പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. അദ്ദേഹത്തെ പോലും അനുരഞ്ജന വഴിയിൽ കൊണ്ടുവരാൻ സിപിഎം നേതാക്കൾക്കു കഴിഞ്ഞില്ല.