Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദികന്റെ മരണം: പഞ്ചാബ് പൊലീസ് കേസെടുത്തേക്കും

fr-kuriakose

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ (60) മരണത്തിൽ പഞ്ചാബ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തേക്കും. മരണത്തിൽ ദുരൂഹത ഉണ്ടെന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമതീരുമാനം.  ഇന്നലെ സന്ധ്യയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം വിമാനമാർഗം ഇന്നു നാട്ടിലെത്തിക്കും. സംസ്കാരം നാളെ 2.30ന് ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. 

ആന്തരിക, ബാഹ്യ അവയവങ്ങൾക്കു പരുക്കുകളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദ പരിശോധന പൂർത്തിയാക്കിയ ശേഷമേ മരണകാരണം അടക്കം കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഫാ. കുര്യാക്കോസിനെ ദസുവ സെന്റ് പോൾസ് പള്ളിയോടു ചേർന്ന താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. 

വൈദികന്റെ മുറി ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിശോധിച്ചു

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ, ജലന്തർ രൂപതയിലെ മുതിർന്ന വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറ ഉപയോഗിച്ചിരുന്ന മുറി ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ പരിശോധിച്ചു.  തുടർന്ന് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടശേഷം ഇവർ ഡിഎസ്പി ഓഫിസിലെത്തി. സഹോദരൻ ജോസ് കാട്ടുതറയിൽ നിന്നു വിശദമായ പരാതി പൊലീസ് എഴുതിവാങ്ങി. കടുത്ത മാനസിക പീഡനം വൈദികൻ അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി.

അതേസമയം, ഫാ. കുര്യാക്കോസിന്റെ മരണകാരണം അറിയുന്നതിനും നടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിനും എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായി രൂപതയുടെ ഭരണച്ചുമതലയുള്ള ബിഷപ് ആഗ്‌നെലോ ഗ്രേഷ്യസ് പറഞ്ഞു. 

അമൃത്‌സറിലായിരുന്നു താൻ. മരണവിവരം അറിഞ്ഞയുടൻ വികാരി ജനറലിനോട് അവിടേയ്ക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. പൊലീസിൽ ബന്ധപ്പെട്ടതും ആന്തരികാവയവങ്ങളുടെ അടക്കം പരിശോധന ആവശ്യപ്പെട്ടതും രൂപതയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായി രൂപത ബന്ധപ്പെടുന്നുണ്ടെന്നും ബിഷപ് ആഗ്‌നെലോ അറിയിച്ചു. ഇതിനിടെ, കോട്ടയത്തെ കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് നടപടികളാരംഭിച്ചു.

related stories