Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു സമൂഹം സുരക്ഷിതമായിരിക്കുന്നതിന് പിന്നിൽ ഗുരുദേവന്റെ പ്രവർത്തനം: അമിത് ഷാ

amit-shah-sivagiri ഗുരുദേവ സ്മരണയിൽ: ശ്രീനാരായണ ഗുരു സമാധി നവതി യതിപൂജ സമ്മേളനം ശിവഗിരിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നു. എ.എൻ. രാജൻബാബു, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, വെള്ളാപ്പള്ളി നടേശൻ, സ്വാമി വിശുദ്ധാനന്ദ, തുഷാർ വെള്ളാപ്പള്ളി, പി.എസ്. ശ്രീധരൻപിള്ള, സ്വാമി സച്ചിദാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, വി. മുരളീധരൻ എംപി എന്നിവർ സമീപം. ചിത്രം∙ മനോരമ

വർക്കല ∙ ഹിന്ദു സമൂഹം സുരക്ഷിതമായിരിക്കുന്നതിനു പിന്നിൽ ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കാണുള്ളതെന്നു ബിജെപി ദേശീയ അധ്യക്ഷൻ‍ അമിത് ഷാ. ജാതീയമായ അസമത്വങ്ങളെയും അനാചാരങ്ങളെയും എതിർത്ത ഗുരുദേവൻ നവോഥാനത്തിന്റെ വിളക്കു കൊളുത്തി നാടിനാകെ വെളിച്ചം പകർന്നു. ശിവഗിരിയിൽ ശ്രീനാരായണഗുരു സമാധി നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഹാമണ്ഡല യതിപൂജാ സമ്മേളനം ചെയ്യുകയായിരുന്നു അമിത് ഷാ. 

ജനിച്ചതു പിന്നാക്ക സമൂഹത്തിലായിരുന്നുവെങ്കിലും മതപരിവർത്തനത്തിന് എതിരെ ശക്തമായ സന്ദേശമാണു ഗുരു നൽകിയത്. വിദ്യാഭ്യാസത്തിലൂടെ വളരാനും സംഘടനയിലൂടെ ശക്തരാകാനും വ്യവസായത്തിലൂടെ സമൃദ്ധരാകാനുമുള്ള സന്ദേശം അദ്ദേഹം നൽകി.  ഉപനിഷത്തുകളുടെ സന്ദേശം ലളിതമായി സാധാരണക്കാർക്കു പറഞ്ഞുകൊടുത്തു. മഹനീയ സന്യാസ പാരമ്പര്യത്തിന്റെയും ഭാരതീയ സംസ്കൃതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഗുരുദേവൻ ഭാഷയെയും സാഹിത്യത്തെയും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. ഇതിന്റെയെല്ലാം ഫലമായാണു ഹിന്ദു സമൂഹം സുരക്ഷിതമായിരിക്കുന്നത്. 

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ എസ്എൻഡിപി യോഗവും ശിവഗിരി മഠവും വഹിക്കുന്ന പങ്കുവലുതാണ്. കേരളം സമ്പൂർണ സാക്ഷരത നേടിയതിൽ ശ്രീനാരായണ ഗുരു പാകിയ ദർശനങ്ങൾക്കു പങ്കുണ്ട്. ജീവിതത്തിൽ പല മഹാന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഗുരുവിനെപ്പോലെ ഉന്നതനായ ഒരു സന്യാസിവര്യനെ കണ്ടിട്ടില്ലെന്നായിരുന്നു മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളെന്നും അമിത് ഷാ പറഞ്ഞു. 

‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന ഉദാത്തമായ ദർശനം ലോകത്തിനു നൽകിയ ഗുരുവിനെപ്പോലുള്ള മഹാത്മാക്കൾ ഏറെയില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. വി.മുരളീധരൻ എംപി, എസ്എൻഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, എ.എൻ. രാജൻബാബു തുടങ്ങിയവർ പ്രസംഗിച്ചു.

ശ്രീനാരായണ തീർഥാടന സർക്യൂട്ട്: അനുമതി പത്രം കൈമാറി

ശ്രീനാരായണ തീർഥാടന സർക്യൂട്ടിനു കേന്ദ്ര അംഗീകാരം ലഭിച്ചതിന്റെ അനുമതി പത്രം ശിവഗിരി മഠത്തിനു കൈമാറി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് അനുമതി പത്രം നൽകിയത്. 70 കോടി രൂപയുടെ പദ്ധതികളാണു  നടപ്പിലാക്കുക.  

ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം ക്ഷേത്രം, അണിയൂർ ശ്രീദുർഗാദേവി ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രമണ്യസ്വാമി ക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വര ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി മഠം ഇവയെല്ലാം ബന്ധപ്പെടുത്തിയാണ് സർക്യൂട്ട് വരിക. 

അരുവിപ്പുറത്തു നിന്നു ശിവഗിരി വരെ നീളുന്ന തീർഥാടന സർക്യൂട്ടിൽ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് അനുമതി വേഗത്തിലാക്കിയതെന്നു കണ്ണന്താനം പറഞ്ഞു. ശിവഗിരിയിലേക്കു തീർഥാടകർ എത്തുന്ന വർക്കല – ശിവഗിരി റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനത്തിനായി 20 കോടി രൂപയുടെ കേന്ദ്ര സഹായം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.