Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ആദ്യ യാത്രക്കാരനായി അമിത് ഷാ

Amit Shah in Kannur Airport

മട്ടന്നൂർ (കണ്ണൂർ) ∙ ഉദ്ഘാടനത്തിനു മുൻപു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയ ആദ്യ യാത്രക്കാരൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പ്രവർത്തകരുടെ ഉജ്വല വരവേൽപ്. രാവിലെ 9 മുതൽ നൂറുകണക്കിനു പ്രവർത്തകർ വിമാനത്താവളത്തിനു സമീപം എത്തിയിരുന്നു. ഒരു മണിക്കൂറിലേറെ വൈകി പതിനൊന്നരയ്ക്കാണു വിമാനം റൺവേ തൊട്ടത്. ഡൽഹി ആസ്ഥാനമായ എആർ എയർവേയ്സിന്റെ നോൺ ഷെഡ്യൂൾ വിമാനത്തിൽ അമിത് ഷായ്ക്കൊപ്പം പത്നി സൊണാലുമുണ്ടായിരുന്നു.

വിവിധ നിറത്തിലുള്ള മുത്തുക്കുടയും ബലൂണുമുയർത്തി, ആർപ്പു വിളിച്ചു ബിജെപി പ്രവർത്തകർ അമിത് ഷായെ വരവേറ്റു. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിൽ തടിച്ചു കൂടിയവർക്കു നേരെ കൈവീശി പുറത്തിറങ്ങിയ ഷാ പ്രവർത്തകർക്കിടയിലിറങ്ങി കൈ കൊടുത്തു. വിജയീഭാവത്തിൽ ഇരു കയ്യുമുയർത്തി അഭിവാദ്യമർപ്പിച്ചാണു കാറിൽ കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും 150 ബൈക്കുകളുടെയും അകമ്പടിയോടെ 12.20നു കണ്ണൂരിലെത്തി.

ജില്ലാ ഓഫിസ് ഉദ്ഘാടനത്തിനു ശേഷം വേദിക്കു താഴെ ബലിദാനികളുടെ കുടുംബാംഗങ്ങൾക്കു സമീപമെത്തി സംസാരിച്ചശേഷം പിണറായിയിലേക്കായിരുന്നു യാത്ര. 2002ൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ചാവശ്ശേരി ഉത്തമന്റെയും 2016ൽ കൊല്ലപ്പെട്ട മകൻ രമിത്തിന്റെയും വീട്ടിലേക്കുള്ള യാത്രയിൽ പത്നി സൊണാലും ഒപ്പമുണ്ടായിരുന്നു. തുടർ‌ന്നു തിരികെ വിമാനത്താവളത്തിൽ എത്തി വർക്കലയിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.